പേപ്പട്ടിയുടെ ആക്രമണം ; ഗുരുതരമായി കടിയേറ്റ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ..

കാഞ്ഞിരപ്പള്ളി : കുളപ്പുറം ഭാഗത്തു അക്രമാസക്തനായ പേപ്പട്ടിയുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

കുളപ്പുറത്ത് പൈനുംമൂട്ടിൽ ബേബി രാവിലെ വീടിന്റെ മുൻപിൽ പല്ല് തേച്ചുകൊണ്ട് നിൽക്കവേ, അപ്രതീക്ഷിതമായി ഒരു പേപ്പട്ടി വീട്ടിലേക്ക് ഓടിക്കയറി, ബേബിയെ കടിക്കുകയായിരുന്നു. കാലിലും, കൈയിലും, മുഖത്തും ആഴത്തിലുള്ള കടിയേറ്റു. ബേബിയുടെ നിലവിളികേട്ട് അടുക്കളയിൽ നിന്നും ഭാര്യ ഓടിയെത്തുകയും, നായയെ മാറ്റുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ബേബിയെ വലിച്ചു വീടിന്റെ ഉള്ളിലാക്കുകയും, അടുത്ത് കിടന്ന കസേരയെടുത്തു നായയെ അടിക്കുകയും ചെയ്തു. അതോടെ കടിവിട്ട പേപ്പട്ടി, തൊട്ടടുത്തുള്ള അമ്പാട്ട് വീട്ടിലേക്ക് ഓടിക്കയറി.

വീടിനുള്ളിൽ നിൽക്കുകയായിരുന്ന സിനിയുടെ നേരെ കുരച്ചുകൊണ്ടു ഓടിയടുത്തു. നിമിഷങ്ങൾക്കുള്ളിൽ സിനി മേശയുടെ മുകളിൽ കയറിയെങ്കിലും, നായ ചാടി കടിക്കുവാൻ ശ്രമിച്ചു. പേടിച്ചരണ്ട സിനി ജനലിൽ പിടിച്ചു മുകളിലേക്ക് കയറുവാൻ ശ്രമിച്ചു. സിനിയുടെ നിലവിളികേട്ട് തൊട്ടടുത്ത ബാധുവീട്ടിൽ നിന്നും ജോസുകുട്ടി ഓടിയെത്തി . അതോടെ പേപ്പട്ടി ജോസ്‌കുട്ടിയുടെ നേരെ കടിയ്ക്കുവാനായി ചീറിയടുത്തു. കടിയിൽ നിന്നും വിദഗമായി ഒഴിഞ്ഞുമാറിയ ജോസ്‌കുട്ടി, കൈയിലിരുന്ന വടികൊണ്ട് നായയെ ശക്തമായി അടിച്ചു. തുടർന്ന് ഓടികൂടിയെ നാട്ടുകാരുടെ സഹായത്തോടെ പേപ്പട്ടിയെ തല്ലികൊന്നതോടെ നാടിന് ആശ്വാസമായി.

പേപ്പട്ടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബേബിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, അടിയന്തിരമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുവാൻ നിർദേശിച്ചതിനെ തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ പേപ്പട്ടി, ചൊവ്വാഴ്ച വൈകിട്ട്, കൂവപ്പള്ളി ഭാഗത്ത് പല വളർത്തുമൃഗങ്ങളെയും കടിച്ചതായി റിപ്പോർട്ട് ഉണ്ട്.

error: Content is protected !!