ശബരിമല വിമാനത്താവളം : സാധ്യതാപഠന റിപ്പോർട്ടിലെ സാങ്കേതിക പിഴവുകൾ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച : ആന്റോ ആന്റണി എം.പി.

എരുമേലി : സാധ്യതാപഠന റിപ്പോർട്ടിലെ പിഴവുകൾ പരിഹരിച്ച്, എരുമേലിയുടെ സ്വപ്‌ന പദ്ധതിയായ നിർദിഷ്ട ശബരിമല വിമാനത്താവളം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എം.പി. സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റിൽ സാധ്യതാപഠനം നടത്തി തയ്യാറാക്കി നൽകിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അംഗീകരിക്കാഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. റിപ്പോർട്ട് തയ്യാറാക്കിയ അമേരിക്കൻ കമ്പനിയായ ലൂയി ബഗർ പ്രതിനിധികൾ സ്ഥലം നേരിൽ കാണാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സാറ്റലൈറ്റ് സർവ്വേ നടത്തിയാണെന്നും അദ്ദേഹം ആരോപിച്ചു. എരുമേലി മീഡിയ സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് എം പി ഈ പ്രതികരണം നടത്തിയത്.

അമേരിക്കൻ കമ്പനിയായ ലൂയി ബഗർ സാധ്യത പഠന റിപ്പോർട്ട് തയ്യാറാക്കുന്ന അവസരത്തിൽ നിർദ്ദിഷ്ട സ്ഥലമായ ചെറുവള്ളി എസ്റ്റേറ്റ് സന്ദർശിക്കാതെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സാറ്റലൈറ്റ് സർവ്വേ നടത്തിയാണ് പഠന റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ചർച്ചയ്ക്ക് എടുത്തപ്പോൾ തന്നെ ഇതിലെ ഇത്തരം പോരായ്മകൾ സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോരായ്മകൾ പരിഹരിക്കാതെയാണ് റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മുമ്പിൽ സമർപ്പിച്ചത്. റിപ്പോർട്ട് സമർപ്പിക്കുമ്പോൾ , എയർപോർട്ട് അതോറിറ്റി അംഗീകരിച്ച ഏജൻസികളെ കൊണ്ട് ഒഎൽഎസ് സർവ്വേയും (ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേ ) അതോടൊപ്പം പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും സമർപ്പിക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള പോരായ്മകൾ റിപ്പോർട്ട് സമർപ്പണത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏകപക്ഷീയമായി ഇത് തള്ളിയതെന്ന് എം പി പറഞ്ഞു.

വിമാനങ്ങൾ ഇറങ്ങുന്നതിന് ആവശ്യമായ നീളവും വീതിയും റൺവേയ്ക്ക് എടുക്കുവാൻ ഈ സ്ഥലത്ത് സാധിക്കുകയില്ല എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇത് സത്യമല്ല കാരണം,വിശാലമായ ഈ പ്രദേശത്ത് പല ഉയരത്തിലുള്ള വിവിധ സ്ഥലങ്ങളുണ്ട്. മുക്കടയുടെ സമീപമുള്ള പ്രദേശങ്ങളിൽ 3600 മീറ്ററിന് മുകളിൽ നീളമുള്ളതും നിരപ്പായതുമായ പ്രദേശം ഉണ്ട് ,ഇതുകൂടാതെ ചേനപ്പാടിയോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ 50 ഏക്കർ സ്ഥലം മാത്രം ഏറ്റെടുക്കുകയാണെങ്കിൽ പോലും 3600 മീറ്റർ എന്നുള്ള റൺവേയുടെ നീളം യാഥാർഥ്യമാകും.ഇത് വിരൽചൂണ്ടുന്നത് ,ഇതുസംബന്ധിച്ച് പഠനം നടത്തിയ ഏജൻസി ഈ പ്രദേശത്ത് നേരിട്ട് എത്താത്തതിന്റെ പോരായ്മകളാണ് .അതുകൊണ്ട് ഏജൻസി സ്ഥലത്തെത്തി പഠനം നടത്തുകയും അതോടൊപ്പം ഒബ്സ്ട്രക്കിൾ ലൈൻ സർവ്വേയും പാരിസ്ഥിതിക ആഘാത പഠനവും നടത്തി പോരായ്മകൾ പരിഹരിച്ച് ഒരു റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനു സമർപ്പിക്കണം എന്ന് ആൻറ്റോ ആൻറണി എംപി അഭ്യർത്ഥിച്ചു.

റിപ്പോർട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തള്ളിയ സാഹചര്യത്തിൽ റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എംപി അഭ്യർത്ഥിച്ചു. കോൺഗ്രസ്‌ നേതാക്കളായ പ്രകാശ് പുളിക്കൻ, നാസർ പനച്ചി എന്നിവരും എം പി ക്കൊപ്പമുണ്ടായിരുന്നു.

error: Content is protected !!