ടേബിൾ ടോപ്പ് റൺവേ; എരുമേലിക്ക് കുരുക്കാകുമോ
നിർദ്ദിഷ്ട ശബരിമല വിമാനത്താവളം വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ ഏറെ പറഞ്ഞ് കേൾക്കുന്ന ഒരു വാക്കുണ്ട്. ടേബിൾ ടോപ്പ് റൺവേ. മേശപ്പുറം പോലെ എന്നർഥം. വിമാനം ലാൻഡുചെയ്യുന്ന റൺവേ മേശപ്പുറംപോലെ വളരെ ചെറിയൊരു ഇടമാണെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകളാണ് ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷനെ അസ്വസ്ഥമാക്കുന്നത്.
വിമാനങ്ങളുടെ ലാൻഡിങ്ങിൽ കൂടുതൽ അപകടസാധ്യതയുള്ള റൺവേയാണ് ടേബിൾ ടോപ്പ് മാതൃകയിലുള്ളിടത്ത്.
ഇത്തരം ഇടങ്ങളിൽ പരന്ന പ്രതലത്തിന് തൊട്ടുവെളിയിൽ താഴ്ചയുള്ള പ്രദേശമായിരിക്കും. പൈലറ്റിന് അൽപ്പം പിഴച്ചാൽ വിമാനം റൺവേവിട്ട് കുഴിയിലേക്ക് പോകും.
കാഴ്ച ഒട്ടുംതെറ്റാതെ കൃത്യ ഇടത്ത് വിമാനം നിലംതൊട്ടാലെ ഇത്തരം റൺവേയിൽ വിമാനം ഉദ്ദേശിച്ച സ്ഥലത്ത് ഒാട്ടം അവസാനിപ്പിക്കൂ. ചെറുവള്ളിയിൽ റൺവേക്ക് സ്ഥലം പോരാ എന്ന് സിവിൽ ഏവിയേഷൻ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ മംഗലാപുരം, കരിപ്പൂർ, മിസോറമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള റൺവേയുള്ളത്.
കരിപ്പൂരിൽ 2860 മീറ്ററും മംഗലാപുരത്ത് 2460 മീറ്ററുമാണ് റൺവേയുടെ ദൂരം. എരുമേലിയിലും ഇത്ര തന്നെയെ വരൂ. മംഗലാപുരം അപകടത്തിന് കാരണം വിമാനം റൺവേയിൽനിന്ന് തെന്നിപ്പോയതാണെന്ന് കണ്ടെത്തിയിരുന്നു. ടേബിൾ ടോപ്പ് റൺവേയാണ് കുറ്റമായി പറഞ്ഞത്.
കേരളത്തിന്റെ മറുപടി
അധികം ഉയരമില്ലാത്ത കുന്നുകളാണ് ഇവിടെയെന്നും അത് വിമാനത്താവളത്തിന് വേണ്ട രീതിയിൽ മാറ്റാനാകുമെന്നും കേരളം അറിയിക്കും. പരിസ്ഥിതി ആഘാതവും താരതമ്യേന കുറവാണ്. റബ്ബർ മരങ്ങളാണ് നീക്കേണ്ടത്. മറ്റ് പാരിസ്ഥിതിക പ്രാധാന്യമുള്ള മരങ്ങൾ ഇവിടെയില്ലെന്നും അറിയിക്കും.
വില്ലേജുകളുടെ പ്രശ്നം
എരുമേലി, മണിമല വില്ലേജുകളിലാണ് ഇൗ തോട്ടം സ്ഥിതിചെയ്യുന്നത്. രണ്ട് ഗ്രാമങ്ങളുടെ സാമൂഹിക ആഘാതം പരിഹരിക്കുന്നത് എങ്ങനെയെന്നുള്ള ചോദ്യം സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഉന്നയിക്കുന്നു. നിർദ്ദിഷ്ട പദ്ധതിപ്രദേശത്ത് ജനവാസം വളരെ പരിമിതമാണെന്നും തോട്ടമാണെന്നും കേരളം ബോധിപ്പിക്കും. പ്രധാനപാതകളിൽനിന്ന് സുരക്ഷിത അകലം പാലിച്ചുകൊണ്ട് പദ്ധതി നിർവഹിക്കാം.