ശബരിമല വിമാനത്താവളം പ്രതീക്ഷയുടെ ചിറകുകളിൽ ആശങ്കയുടെ നിഴലുകൾ…

ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കംനിലനിൽക്കെ, ശബരിമല വിമാനത്താവളം എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെന്ന് മൂന്ന് വർഷം മുമ്പ് ഇടത് മുന്നണി സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു. 

സാധ്യതാ പഠനത്തിനായി കോടികൾ ചെലവഴിച്ച് കൺസൾട്ടൻസിയെ നിയോഗിച്ചു. കൺസൾട്ടൻസി നൽകിയ പഠന റിപ്പോർട്ട് സർക്കാർ വ്യോമയാന മന്ത്രാലയത്തിന് നൽകിയപ്പോൾ പിഴവുകൾ ചൂണ്ടിക്കാട്ടി ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട് തിരസ്‌കരിച്ചു. കേരള വ്യവസായ വികസന കോർപ്പറേഷനും യു.എസ്. കൺസൽറ്റൻസി ലൂയി ബഗ്‌റും ചേർന്നാണ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയത്. 

പണ്ട് തേയില…ഇപ്പോ റബ്ബർ

കൃഷി റവന്യൂരേഖയിൽ 2263 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിനൊപ്പം 500-ഏക്കറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്ന് അനൗദ്യോഗിക വിലയിരുത്തൽ. സായിപ്പിന്റെ കാലത്ത് പ്രദേശത്ത് കശുമാവും തേയിലയുമായിരുന്നു കൃഷി. പിന്നീട് റബ്ബർ പ്രധാനകൃഷിയായി. ഹാരിസൺ കമ്പനിയിൽനിന്നു ബിലീവേഴ്‌സ് ചർച്ച് എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി ഏതാനും വർഷങ്ങൾ കഴിഞ്ഞതോടെ തോട്ടഭൂമിയുടെ പകിട്ട് കുറഞ്ഞു. 

എസ്റ്റേറ്റിലുണ്ടായിരുന്ന റബ്ബർ ഫാക്ടറി കത്തിനശിച്ചു. മുമ്പ് 1000-ലേറെ തൊഴിലാളി കുടുംബങ്ങൾ ലയങ്ങളിൽ താമസമുണ്ടായിരുന്നു. കിടത്തിച്ചികിത്സയുള്ള ആശുപത്രിയും, തൊഴിലാളികളുടെ മക്കൾക്ക് പഠിക്കാൻ സ്‌കൂളും ഉണ്ടായിരുന്നു. ഇന്ന് 305 തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഉള്ളത്. സ്‌കൂൾ പ്രവർത്തനം നിലച്ചു. കിടത്തിച്ചികിത്സയ്ക്ക് ആശുപത്രിയിൽ സൗകര്യങ്ങളുമില്ല. 

എരുമേലി പഞ്ചായത്തിലെ നാലാം വാർഡ്…

എരുമേലി ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡാണ് ചെറുവള്ളി എസ്റ്റേറ്റ്. വ്യക്തിഗത ആനുകൂല്യങ്ങൾക്കപ്പുറം റോഡ്, വീട് തുടങ്ങി വാർഡിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ അധികം ഫണ്ട് ചെലവഴിക്കേണ്ടാത്ത വാർഡ്. വ്യാപ്തി അനുസരിച്ച് എസ്റ്റേറ്റിലെ കത്തിനശിച്ച ഫാക്ടറിക്ക് സമീപമുള്ള മസ്റ്റർ പടിയാണ് എസ്റ്റേറ്റിന്റെ മധ്യഭാഗം. രണ്ട് ക്ഷേത്രങ്ങളും, ക്രിസ്ത്യൻ, മുസ്‌ലീം ദേവാലയങ്ങളും ഉണ്ട്. 

എരുമേലി-റാന്നി സംസ്ഥാന പാതയിലെ മുക്കട ജങ്ഷനാണ് എസ്‌റ്റേറ്റിലേക്കുള്ള പ്രധാന പ്രവേശന കവാടം. എരുമേലി ടൗണിൽനിന്നും കാരിത്തോട് വഴി നാല് കിലോമീറ്ററാണ് എസ്‌റ്റേറ്റിലേക്കുള്ള ദൂരം. എസ്റ്റേറ്റിന് ചുറ്റുമുള്ള ജനവാസമേഖല കാരിത്തോട്, ചേനപ്പാടി, മുക്കട, ചാരുവേലി, വിഴിക്കത്തോട് തുടങ്ങിയ ജനവാസപ്രദേശങ്ങളാണ്. തർക്കഭൂമിയായ എസ്‌റ്റേറ്റ്‌ ഭൂരഹിതരുടെ കൈയ്യേറ്റശ്രമങ്ങൾക്കും നിരവധി തവണ വേദിയായി.

മധ്യതിരുവിതാംകൂറിന്റെ മുഖച്ഛായ മാറും…

തർക്കങ്ങൾ പരിഹരിച്ച് വിമാനത്താവളം യാഥാർഥ്യമായാൽ മധ്യ തിരുവിതാംകൂറിന്റെ മുഖച്ഛായ മാറും. ശബരിമല തീർഥാടകർക്ക് മാത്രമല്ല, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള പ്രവാസികൾക്കും ഏറെ ഗുണകരം. പണവും സമയവും ലാഭിക്കാനാകും. 

നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ആശ്രയം. എസ്റ്റേറ്റിനോട് ചേർന്നുള്ള എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിൽ സ്ഥലത്തിന്റെ മൂല്യം വർധിക്കുന്നതിനൊപ്പം നാനാവിധമായ വികസനവും നടപ്പാകും. 

പുനലൂർ-മൂവാറ്റുപുഴ, എരുമേലി-റാന്നി ഹൈവേകൾ എസ്‌റ്റേറ്റിന്റെ അതിർത്തി പ്രദേശങ്ങളിലൂടെയാണ്.

error: Content is protected !!