വഴിയുണ്ട്, വിളക്കില്ല…; നവീകരണം പൂർത്തിയാകുന്ന പൊൻകുന്നം – പുനലൂർ റോഡിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിൽ
പൊൻകുന്നം ∙ പ്രധാന ജംക്‌ഷനുകളിൽ മാത്രമായി വഴിവിളക്കുകൾ ചുരുങ്ങിയതോടെ, നവീകരണം പൂർത്തിയാകുന്ന പൊൻകുന്നം – പുനലൂർ റോഡിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും. 22.173 കിലോമീറ്റർ ദൂരമുള്ള പൊൻകുന്നം – പ്ലാച്ചേരി റീച്ചിൽ 748 വഴിവിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ലോക ബാങ്ക് പദ്ധതിയിൽ നടപ്പാതകൾ ഉള്ള സ്ഥലത്തു മാത്രമാണ് വഴിവിളക്കുകൾ സ്ഥാപിക്കാൻ നിർദേശമെന്നു കെഎസ്ടിപി അധികൃതർ പറയുന്നു. കെഎസ്ടിപി അധികൃതർ നിർദേശിച്ച സ്ഥലങ്ങളിലാണ് വഴിവിളക്കുകൾ സ്ഥാപിച്ചതെന്നു കരാറുകാർ പറഞ്ഞു.
∙ വനമേഖലയിലെ റോഡ് ഇരുട്ടിലാകും
വഴി വിളക്ക് ഇല്ലാതെ വന്നതോടെ ഇരുവശവും വനമായ പൊന്തൻപുഴ മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗം കൂരിരുട്ടിലായി. വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ രാത്രി യാത്ര ദുരിതമാണ്. വഴിവിളക്കില്ലാത്ത മേഖലയിൽ വെളിച്ചം എത്തിക്കാൻ മറ്റു പദ്ധതികൾ വേണ്ടി വരും.
∙ സ്ഥാപിക്കുന്നത് വൈദ്യുത വിളക്കുകൾ
ഇപിസിയിൽ നിർമിക്കുന്ന പൊൻകുന്നം – പുനലൂർ റോഡിൽ വൈദ്യുത എൽഇഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഭൂമിക്കടിയിലൂടെ വൈദ്യുത ലൈൻ സ്ഥാപിച്ചാണ് ഇവ പ്രവർത്തിപ്പിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിക്കുന്ന വഴി വിളക്കുകളുടെ വൈദ്യുതി നിരക്ക് അതത് തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്കു നൽകണം. ഇതിനിടയിലെ ബ്ലിങ്കർ ലൈറ്റുകൾ സോളറിൽ പ്രവർത്തിക്കുന്നവയാണ്. ഉപറോഡ് എത്തുന്ന മേഖലയിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കുന്നുണ്ട്. പൊൻകുന്നം ടൗണിലെ റോഡിന്റെ കവാടത്തിൽ ഹൈമാസ്റ്റ് എൽഇഡി വിളക്കും സ്ഥാപിച്ചിട്ടുണ്ട്.