മുണ്ടക്കയം- കോരുത്തോട് റോഡ് നിർമാണം തുടങ്ങിയെന്ന് കരാറുകാർ
കോരുത്തോട്: പരാതി പ്രവാഹമായതോടെ മുണ്ടക്കയം- കോരുത്തോട് റോഡ് നിർമാണം വീണ്ടും തുടങ്ങിയെന്ന അവകാശവാദവുമായി കരാറുകാർ രംഗത്തെത്തി. എന്നാൽ, എത്രനാൾ പണിനടക്കുമെന്ന മറുചോദ്യമാണ് യാത്രക്കാർക്കും പ്രദേശവാസികൾ ക്കും ഉന്നയിക്കാനുള്ളത്.
ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന്റെ ഭാഗമായിട്ടാണ് യാതൊരു കേടുപാടുമില്ലാതിരുന്ന മുണ്ടക്കയം -കോരുത്തോട് റോഡ് മാസങ്ങൾക്കുമുമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുത്തിപ്പൊളിച്ചത്. കലുങ്കിന്റെയും സംരക്ഷണ ഭിത്തിയുടെയുമൊക്കെ നിർമാണം പൂർത്തിയാക്കിയതിനു ശേഷം മാത്രം ചെയ്യേണ്ട ജോലി ആദ്യമേ ചെയ്തു. ഇതോടെ മുണ്ടക്കയം- കോരുത്തോട് റൂട്ടിൽ വരിക്കാനി കവല മുതൽ പള്ളിപ്പടിവരെയുള്ള യാത്ര ദുസഹമായി. ഇടവിട്ട് നിരവധി സ്ഥലങ്ങളിലാണ് റോഡ് മാന്തിപ്പൊളിച്ചിട്ടിരിക്കുന്നത്.
റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്ര വാഹനങ്ങളടക്കമുള്ളവ അപകടത്തിൽപ്പെടുന്നതും പതിവ് സംഭവമായി. പരാതികളും പ്രതിഷേധങ്ങളും ശക്തമായതോടെയാണ് ഇപ്പോൾ റോഡ് നിർമാണം ആരംഭിച്ചെന്ന അവകാശവാദവുമായി കരാറുകാർ രംഗത്തെത്തിയിരിക്കുന്നത്. റോഡ് പണിക്ക് തടസമായി മഴയാണ് കാരണമായി ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ കരാർ എടുത്ത വ്യക്തി ഏൽപ്പിച്ച കമ്പനി റോഡ് നിർമാണത്തിൽ നിന്ന് പിന്മാറിയതാണ് റോഡ് നിർമാണം നിലയ്ക്കാൻ കാരണമെന്ന് പരക്കെ സംസാരമുണ്ട്. ഇനി എത്രനാൾ കാത്തിരിക്കണം ഈ ദുരിത യാത്ര അവസാനിക്കാൻ എന്ന ചോദ്യമാണ് ഗ്രാമവാസികൾ ഉയർത്തുന്നത്.
പ്രതിഷേധ ധർണ
മുണ്ടക്കയം: മുണ്ടക്കയം – കോരുത്തോട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വണ്ടൻപതാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ബിജെപി മുണ്ടക്കയം പഞ്ചായത്ത് ജനറൽ സെക്രട്ടറി സുധൻ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മുണ്ടക്കയം പഞ്ചായത്ത് സെക്രട്ടറി കണ്ണൻ, വണ്ടൻപതാൽ മേഖല സെക്രട്ടറി ബിജുമോൻ ടി.കെ., വൈസ് പ്രസിഡന്റ് അഭിലാഷ്, ജോയിന്റ് സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.