എംഎൽഎ ഇടപെട്ടു: റോഡിലെ വെള്ളക്കുഴി ശരിയാക്കാമെന്ന് പൊതുമരാമത്ത് വകുപ്പ്
എരുമേലി: പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ വരെ കമന്റായി എത്തിയ റോഡിലെ അപകടക്കുഴിയുടെ പ്രശ്നത്തിൽ എംഎൽഎ ഇടപെട്ടതോടെ മരാമത്ത് വകുപ്പ് ഉണർന്നു. ഇന്ന് പണികൾ നടത്താമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ടൗണിലെ കൊരട്ടിക്കും ഇളപ്പുങ്കൽ ജംഗ്ഷനും ഇടയിലാണ് പതിവായി വെള്ളം നിറഞ്ഞ് റോഡിൽ ഗർത്തങ്ങളുള്ളത്. ജല അഥോറിറ്റിയുടെ ജല വിതരണ പൈപ്പ് പൊട്ടുന്നതാണ് പതിവായി വെള്ളം റോഡിൽ നിറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് ആയതിനാൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ മർദം താങ്ങാൻ കഴിയാതെ പൈപ്പ് പൊട്ടുകയാണ്. ടാറിംഗ് ഇളക്കി മാറ്റി ഇന്റർ ലോക്ക് ടൈലുകൾ മരാമത്ത് സ്ഥാപിച്ച് പരിഹാരം കണ്ടതാണ്. പക്ഷെ അധികനാൾ കഴിയും മുമ്പേ ടൈലുകളുടെ ഇടയിലൂടെ വെള്ളം ഒഴുകി റോഡിൽ നിറയുകയും റോഡിൽ വലിയ ഗർത്തങ്ങൾ ഉണ്ടാകുകയും ചെയ്തു. ഒട്ടേറെ ബൈക്ക് യാത്രികർ ഗർത്തങ്ങളിൽ മറിഞ്ഞു വീണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകട സാധ്യത മുൻനിർത്തി നാട്ടുകാർ മുന്നറിയിപ്പ് ഡിവൈഡർ സ്ഥാപിച്ചെങ്കിലും ഇപ്പോൾ ഇത് തട്ടിത്തെറിപ്പിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
ഇതോടെ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളായി കുഴിയുടെ ചിത്രവും പരിഹാരം സ്വീകരിക്കണമെന്ന ആവശ്യവും സ്ഥാനം പിടിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എരുമേലി സ്വദേശി അജു മലയിൽ മരാമത്ത് എരുമേലി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയത്. എന്നാൽ, വെള്ളമൊലിക്കുന്നത് നിലയ്ക്കാതെ പണികൾ നടത്താൻ കഴിയില്ലെന്നാണ് എൻജിനിയർ അറിയിച്ചത്. ഇതറിഞ്ഞ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മരാമത്ത് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് വിവരം തിരക്കിയതോടെ ഇന്ന് പണികൾ നടത്തുമെന്ന് അറിയിക്കുകയായിരുന്നു.