ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വ്യക്തിഹത്യ: പി.സി. ജോർജിനെതിരെ പൊലീസ് കേസെടുത്തു
∙ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെതിരെ പൊലീസ് കേെസടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകൻ ബി.എച്ച്. മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ പി.സി. ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. പി.സി. ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം ഉടമ നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.
മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്നു തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.