ഇങ്ങനെയൊക്കെ ചെയ്യാമോ..? പഠനനാവശ്യത്തിന് പണം കണ്ടെത്തുവാൻ എഞ്ചിനീയറിംഗ് വിദ്യാർഥി വളർത്തിയ എഴുനൂറോളം മീനുകൾ കുളത്തിൽ ചത്തു പൊങ്ങി; കുളത്തിൽ ആരോ വിഷം കലക്കിയെന്ന് സംശയം ..
എരുമേലി /. കണ്ണിമല : കോവിഡ് ലോക്ക് ഡൗണിൽ പഠനം മുടങ്ങിയപ്പോൾ, തൊടുപുഴ അൽ അസർ കോളജിലെ ബി ടെക് വിദ്യാർഥിയായ കണ്ണൻ വെറുതെയിരുന്നില്ല. തന്റെ ഉപരിപഠനത്തിന് പണം ഉണ്ടാക്കുവാൻ കണ്ണൻ വീടിനടുത്തു തന്നെ സ്വയം അധ്വാനിച്ച്, ആറടി താഴ്ചയിൽ കുളം കുത്തി, അത് പടുതാകുളമായി മാറ്റി, മൽസ്യകൃഷിക്ക് തുടക്കമിട്ടു.
കുളത്തിൽ എഴുനൂറോളം തിലോപ്പിയ മീനുകുഞ്ഞുങ്ങളെ ഇട്ട് വളർത്തി. മൂന്നു മാസം പ്രായമുള്ള മീനുകൾ കാൽ കിലോയോളം തൂക്കത്തിൽ എത്തിയപ്പോഴാണ് ആ ദാരുണ സംഭവം നടന്നത് . പടുതകുളത്തിൽ വളർത്തിയ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.
ബുധനാഴ്ച പകൽ രണ്ട് മീനുകളെ ചത്ത നിലയിൽ കണ്ടതോടെ വെള്ളത്തിന്റെ പിഎച്ച് അളവ് പരിശോധിച്ചെങ്കിലും കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ മീനുകൾ പൂർണമായും ചത്തൊടുങ്ങി. റോഡിന് സമീപമാണ് പടുതക്കുളം അതുകൊണ്ട് തന്നെ എന്തെങ്കിലും വിഷ പദാർഥം ആരെങ്കിലും വെള്ളത്തിൽ കലർത്തിയതാകാം കാരണമെന്നു സംശയിക്കുന്നു. പൊലീസിൽ പരാതി നൽകി.