മാലിന്യപ്രശ്‌നങ്ങൾ ജനപ്രതിനിധികളെ അറിയിച്ച് വിദ്യാർഥികൾ
അന്താരാഷ്ട്ര പുഴദിനത്തോടനുബന്ധിച്ച് സെന്റ് മേരീസ് സ്‌കൂളിൽ നടത്തിയ പരിപാടി പുഴജലം സസ്യത്തിന് നൽകി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര പുഴദിനത്തോടനുബന്ധിച്ച് മലിനമായ ചിറ്റാർ പുഴയെ വീണ്ടെടുക്കുവാൻ സെന്റ് മേരീസ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർദേശങ്ങളുമായി വിദ്യാർഥികൾ. ചിറ്റാർ പുഴയുടെ ശോചനീയാവസ്ഥ വിദ്യാർഥികൾ ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിച്ചു. മലിനമായി ഒഴുകുന്ന പുഴയുടെ സ്ഥിതി ജനപ്രതിനിധികൾ കുട്ടികളോടൊപ്പമെത്തി സന്ദർശിച്ചു.
ചിറ്റാർ പുഴയുടെ മലിനീകരണം, കംഫർട്ട് സ്റ്റേഷൻ പുനരുദ്ധാരണം, മിനി സിവിൽ സ്റ്റേഷനിലെ തെരുവുനായശല്യം, ചിറ്റാർ പുഴയുടെ കൈത്തോടുകളിലെ മാലിന്യപ്രശ്‌നങ്ങൾ തുടങ്ങി കാഞ്ഞിരപ്പള്ളിയിലെ പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾ വിദ്യാർഥികൾ ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിച്ചു. കുട്ടികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകി. ഇവ നടപ്പാക്കി പരിഹാരം കാണും.സ്‌കൂളിൽ നടത്തിയ ചടങ്ങ് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, വാർഡംഗം ബിജു പത്യാല, പ്രഥമധ്യാപിക സിസ്റ്റർ ഡെയ്‌സ് മരിയ, സ്വപ്ന ജോർജ് എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര അധ്യാപകരായ സിസ്റ്റർ സെലിൻ എഫ്.സി.സി., ആനി ജോസഫ്, റോഷിനി ജോസഫ്, മൻസി മോൾ ജോസ്, സിസ്റ്റർ എൽസ ടോം സി.എം.സി. എന്നിവർ നേതൃത്വം നൽകി.വിദ്യാർഥികൾക്ക് ജനപ്രതിനിധികൾ നൽകിയ ഉറപ്പുകൾ
• അടഞ്ഞുകിടന്ന കംഫർട്ട് സ്റ്റേഷൻ ഉടൻ തുറക്കും. മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള ശാസ്ത്രീയ സംവിധാനം കൊണ്ടുവരുവാനുള്ള നടപടികൾ സ്വീകരിക്കും.
• ചിറ്റാർ പുഴ സംരക്ഷണത്തിനായി 14 ലക്ഷം രൂപ അനുവദിച്ചതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ വിദ്യാർഥികളെ അറിയിച്ചു.
• തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് സിവിൽ സ്റ്റേഷനിലെ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തും.
• തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് പദ്ധതികൾ നടപ്പാക്കും.