KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതയിലെ അംഗമായ മാർ സിബി മാത്യു പീടികയിലിന്റെ മെത്രാഭിഷേകം ഞായറാഴ്ച

കാഞ്ഞിരപ്പള്ളി : പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ മെത്രാനായി ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ.സിബി മാത്യു പീടികയിൽ ഞായറാഴ്ച അഭിഷിക്തനാകും. ഐതപ്പെ രൂപതയുടെ ആറാമത് മെത്രാനാണ് മാർ സിബി പീടികയിൽ . കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയിൽ മാത്യു വർക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ് മാർ സിബി പീടികയിൽ.

രാവിലെ 9.30ന് ഐതപ്പെ കത്തീദ്രലിൽ വച്ച് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്ക് പോർട്ട് മെർസ്‌ബി ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ജോണ്‍ റിബാ മുഖ്യകാര്‍മ്മികത്വം വഹിക്കും. മദാംഗ് ആര്‍ച്ച്ബിഷപ് റൈറ്റ് റവ. ഡോ. ആന്റണ്‍ ബാല്‍, ബരൈന ബിഷപ് റൈറ്റ് റവ. ഡോ. ഓട്ടോ സെബാരി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ പെരുവന്താനം അഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ പുത്രനാണ്. മേലോരം സെന്റ് മരിയ ഗൊരേത്തി യുപി സ്‌കൂളിലെയും, തെക്കേമല സെന്റ് മേരീസ് ഹൈസ്‌കൂളിലെയും പഠനത്തെത്തുടര്‍ന്ന് ആന്ധ്രയിലെ കുരുക്കുരുവിലുള്ള മൈനര്‍ സെമിനാരി, ജ്ഞാനംപെട്ട് വിജ്ഞാനനിലയം, റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂര്‍ത്തിയാക്കി 1995-ല്‍ വൈദികപട്ടം സ്വീകരിച്ചു.

ആന്ധ്രപ്രദേശിലെ കമ്മം സെന്റ് ജോസഫ് മേജര്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആദ്ധ്യാത്മിക കാര്യങ്ങളുടെ ചുമതലക്കാരനുമായി നിയമിതനായ അദ്ദേഹം 1998ല്‍ പാപ്പുവ ന്യൂഗ്വിനിയയിലേയ്ക്ക് അയയ്ക്കപ്പെട്ടു. 2004ല്‍ മടങ്ങിയെത്തി. കമ്മം മേജര്‍ സെമിനാരി റെക്ടറായും പലേഗുഡം പള്ളി വികാരിയായും ചുമതല വഹിച്ചു. തുടര്‍ന്ന് ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി 2008 മുതല്‍ 2014 വരെ ശുശ്രൂഷ നിര്‍വ്വഹിച്ചു.

2014ല്‍ പാപ്പുവ ന്യൂഗ്വിനിയയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാള്‍, വിവിധ സെമിനാരികളില്‍ പ്രൊഫസര്‍ എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ. ജോസ് മാത്യു, ആന്‍സി ജോസ്, ബിന്‍സി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു എന്നുവരാണ് സഹോദരങ്ങള്‍.

ആശംസകളുമായി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതയുടെ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഫാ. സിബി മാത്യു പീടികയിലിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്കായി പാപ്പുവ ന്യൂഗ്വിനിയയിലേയ്ക്ക് യാത്രയാകുന്നതിനുമുമ്പ് കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്ത് മാര്‍ സിബി മാത്യു പീടികയിലിന് സ്വീകരണം നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ അഴങ്ങാട് ഇടവകാംഗമായ ഫാ. സിബി പീടികയിലിന്റെ നിയമനം ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സഭാസമൂഹത്തിനൊപ്പം മാതൃസഭയ്ക്കും രൂപതയ്ക്കും അഭിമാനം പകരുന്നതാണെന്ന് മാര്‍ ജോസ് പുളിക്കലും മാര്‍ മാത്യു അറയ്ക്കലും പറഞ്ഞു. ഇപ്പോള്‍ പാപ്പുവ ന്യൂ ഗ്വിനിയയിലായിരിക്കുന്ന മാര്‍ സിബി മാത്യു പീടികയിലിനെ ഇരുവരും ഫോണില്‍ വിളിച്ച് അനുമോദനവും പ്രാര്‍ത്ഥനാശംസകളും അറിയിച്ചു.

error: Content is protected !!