തെക്കേത്തുകവലയിലെ വളവ് കുറയും
തെക്കേത്തുകവലയുടെ ആകാശദൃശ്യം
തെക്കേത്തുകവലയിൽ കല്ലോലിക്കൽ സുകുമാരൻ നായർ വിട്ടുനൽകിയ സ്ഥലം അളന്നുതിരിക്കുന്നു
തെക്കേത്തുകവല: പൊൻകുന്നം-പുനലൂർ ഹൈവേയിലെ ഏറ്റവും അപകടസാധ്യതയുള്ള വളവുകളിലൊന്നായ തെക്കേത്തുകവല വളവ് കുറയ്ക്കാൻ നടപടി. ജനപ്രതിനിധികളും വ്യാപാരികളും കെ.എസ്.ടി.പി.അധികൃതരും ഒത്തുചേർന്നുള്ള ആലോചനയിലാണ് വളവിൽ നേരിയ കുറവ് വരുത്തി അപകട സാധ്യത കുറയ്ക്കുവാൻ തീരുമാനമായത്.
കല്ലോലിക്കൽ സുകുമാരൻ നായരാണ് തന്റെ സ്ഥലത്തിന്റെ ചെറിയൊരു ഭാഗം റോഡ് നവീകരണത്തിന് നൽകിയത്. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജിന്റെ മേൽനോട്ടത്തിൽ അധികൃതർ സ്ഥലത്തെത്തി സ്ഥലം അളന്ന് കുറ്റിയടിച്ചു. നിലവിൽ വളവിലുള്ള ഓട ഒരുമീറ്റർ ഉള്ളിലേക്കു മാറ്റിസ്ഥാപിക്കും. അടുത്താഴ്ച നിർമാണം തുടങ്ങും.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് തെക്കേത്തുകവല യൂണിറ്റ് പ്രസിഡന്റ് ഇ.ആർ.ഗോപാലകൃഷ്ണ പണിക്കർ, സെക്രട്ടറി പി.ബിജു, ട്രഷറർ സാബു വി.നായർ, കെ.എസ്.ടി.പി.അധികൃതർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അഭിമാനിക്കാം ,ഇവർക്കൊക്കെ
• തെക്കേത്തുകവല ഉൾപ്പെടെയുള്ള വളവുകൾക്കെതിരേ ആദ്യംമുതൽ ശബ്ദമുയർത്തിയ ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് അഭിമാനിക്കാം. ചെറിയൊരു പരിഹാരമെങ്കിലുമുണ്ടാകുമ്പോൾ. രണ്ടായിരം അംഗങ്ങളുള്ള ഈ നാട്ടുകൂട്ടായ്മ നിരന്തരം റോഡുപണിയിലെ പാകപ്പിഴകളെക്കുറിച്ച് പ്രതികരിക്കുകയും അധികൃതരുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്തു.
• തെക്കേത്തുകവലയിലെ വ്യാപാരസമൂഹത്തിന്റെ പങ്ക് ചെറുതല്ല, ഈ വളവ് പ്രശ്‌നം പരിഹരിക്കുന്നതിൽ. സ്ഥലമുടമയുമായുള്ള ചർച്ചയ്ക്ക് നിരന്തരം നേതൃത്വം നൽകിയത് ഇവരാണ്.
• നല്ലൊരുവഴിക്കായി തന്റെ സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായ കല്ലോലിക്കൽ സുകുമാരൻ നായരും അനുമോദനത്തിനർഹൻ. ഒരു മീറ്റർ വീതിയിൽ ഏഴുമീറ്റർ നീളത്തിലാണ് സ്ഥലം വിട്ടുനൽകിയത്.