ശ്രീനിപുരത്തിന്റെ വികസനം; ആലോചനായോഗം
എരുമേലി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആയിരത്തിലേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന എരുമേലി ശ്രീനിപുരം പ്രദേശത്ത് വികസനമെത്തിക്കാൻ ശനിയാഴ്ച ആലോചനായോഗം ചേരും. പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച 9.30-ന് ശ്രീനിപുരം കമ്യൂണിറ്റി ഹാളിലാണ് യോഗം നടക്കുന്നത്. ആദ്യഘട്ടമായി, കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ സർവീസ് വകുപ്പിന്റെ സഹകരണത്തിൽ ശ്രീനിപുരം പ്രദേശത്ത് ഓരോ കുടുംബങ്ങളും നേരിടുന്ന ദുരിതങ്ങൾ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തും.
കോളനിയുടെ അടിസ്ഥാനസൗകര്യ വികസനം, ഓരോ കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾക്കാവശ്യമായ വഴി, വെള്ളം, വെളിച്ചം, വാസയോഗ്യമായ വീടുകൾ, മാലിന്യസംസ്‌കരണ സംവിധാനം ഉൾപ്പെടെയുള്ള സമഗ്രവികസനം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ. പറഞ്ഞു.
കരയേറാൻ കൊതിക്കുന്ന ഗ്രാമം…
പതിറ്റാണ്ടുകൾക്ക് മുമ്പ് വീടും സ്ഥലവും നൽകി സർക്കാർ അധിവസിപ്പിച്ചവരാണ് ശ്രീനിപുരം, രാജീവ് ഭവൻ കോളനി പ്രദേശങ്ങളിലുള്ളത്. ഇന്ന് 1600-ലേറെ കുടുബങ്ങളാണുള്ളത്. മക്കളും മക്കളുടെ മക്കളുമായി കുടുംബങ്ങൾ അധികരിച്ചു. രണ്ടുമുറി വീട്ടിലും, പുറമ്പോക്കിലും രണ്ട് സെന്റിൽ രണ്ട് വീടുകളായും ജീവിക്കുന്നതാണ് നിലവിലുള്ള അവസ്ഥ. ഒരു വീടിന്റെ മുറ്റം മറ്റൊരു വീട്. ശുചിത്വ സംവിധാനങ്ങൾ ഒന്നുമില്ല. പലടയിടങ്ങളിലും കുടിവെള്ള കിണറും ശൗചാലയവും തമ്മിൽ വേണ്ടത്ര അകലവുമില്ല. വീടുകൾ പലതും കാലപ്പഴക്കത്താൽ ജീർണിച്ചു. കുടിവെള്ളപ്രശ്‌നങ്ങളും പരിഹരിക്കാനായിട്ടില്ല. എം.എൽ.എ. പ്രഖ്യാപിച്ച മാതൃകാ കോളനി പദ്ധതിയുടെ പ്രതീക്ഷയിലാണ് ഗ്രാമം.