എരുമേലി വാവർ മെമ്മോറിയൽ സ്കൂളിൽ മോഷണം ; സ്കൂളിലെ നിരീക്ഷണ ക്യാമറകൾ നശിപ്പിച്ചു, 9000 രൂപ മോഷ്ട്ടിച്ചു.

എരുമേലി : എരുമേലി വാവർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫീസ് റൂമിന്റെ പൂട്ടുപൊളിച്ച് 9000 രൂപ മോഷ്ടിച്ചു. സ്കൂളിലെ നിരീക്ഷണ ക്യാമറകളും നശിപ്പിച്ചു. പ്രഥമാധ്യാപികയുടെ മുറിയിലെ അലമാര കുത്തിത്തുറന്ന് 4000 രൂപയും സ്റ്റാഫ് റൂമിലെ അലമാരയിലുണ്ടായിരുന്ന 5000 രൂപയുമാണ് കവർന്നത്.

ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളിൽ ശുചീകരണത്തിന് വാർഡ് അംഗം നാസർ പനച്ചിയും അധികൃതരും എത്തിയപ്പോഴാണ് സ്കൂളിന്റെ മുകളിലെ നിലയിലുള്ള ഓഫിസ് മുറിയുടെ വാതിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്ന് എരുമേലി പോലിസും വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് സംഘവും എത്തി പരിശോധന നടത്തി. കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിയിൽ മണം പിടിച്ച പോലിസ് നായ സമീപത്തെ റബർ തോട്ടത്തിലെത്തി നിന്നു. സ്കൂളിന്റെ പരിസരത്ത് വീടുകളിൽ നിന്നുള്ള സിസി ക്യാമറകളിലെ ദൃശ്യങ്ങൾ പോലിസ് പരിശോധനകൾക്കെടുത്തിട്ടുണ്ട്.

പ്രിൻസിപ്പലിന്റെ മുറി, ഹെഡ് മാസ്റ്ററുടെ മുറി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് ഓഫിസ് മുറി എന്നിവയാണ് കുത്തിതുറന്നത്. മേശവലിപ്പിൽ ക്ലാർക്ക് സൂക്ഷിച്ചു വെച്ചിരുന്ന തുകയാണ് കവർന്നതെന്ന് ഹെഡ് മിസ്ട്രസ് ഫൗസിയ പറഞ്ഞു. ഒന്നിൽ കൂടുതൽ മോഷ്ടാക്കൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജ്‌ പറഞ്ഞു. സ്കൂളിലെ വിവരങ്ങൾ സംബന്ധിച്ച് അറിയാവുന്ന ആളാണ് മോഷ്ടാവെന്നും കോവിഡ് കാലമായതിനാൽ പ്രവർത്തനം ഇല്ലാതിരുന്ന സ്കൂളിന്റെ ഓഫിസ് മുറിക്കുള്ളിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് മോഷ്ടാവിന് അറിയാമായിരിക്കുമെന്നും പോലിസ് കരുതുന്നു.

അടുത്തയിടെയായി എരുമേലിയിൽ മോഷണകേസുകൾ കൂടുകയാണ്. കരിമ്പിൻതോട് ചാലക്കുഴി വള്ളപ്പുരയ്‌ക്കൽ ഈപ്പൻ ജേക്കബിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. എരുമേലി സപ്ലൈകോ ഷോപ്പിലും മോഷണം നടന്നായിരുന്നു.

error: Content is protected !!