ചിറക്കടവ്, ചെങ്ങന്നൂർ ക്ഷേത്രങ്ങളിൽ നെയ്യാട്ട്
ചിറക്കടവ്: ചിറക്കടവ് ദേശത്തിന്റെ അധികാരം ചെങ്ങന്നൂർ വഞ്ഞിപ്പുഴ രാജവംശത്തിനുണ്ടായിരുന്ന കാലം മുതൽ ചെങ്ങന്നൂർ, ചിറക്കടവ് ക്ഷേത്രങ്ങളിൽ തുലാംസംക്രമത്തിന് തുടരുന്ന നെയ്യാട്ട് എന്ന ആചാരം 17ന് നടത്തും. ഉച്ചയ്ക്ക് 1.10നുള്ളിലാണ് നെയ്യഭിഷേകം.
ചിറക്കടവ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ ഒരുവിഹിതം ചെങ്ങന്നൂർ ക്ഷേത്രത്തിൽ എത്തിച്ച് അഭിഷേകം നടത്തുമ്പോൾ അതേ മുഹൂർത്തത്തിൽ ചിറക്കടവ് മഹാദേവനും അഭിഷേകം നടത്തും. ചിറക്കടവ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യും വാഴൂർ തീർഥപാദാശ്രമത്തിൽ നിന്നുള്ള നെയ്യുമാണ് ഇരുക്ഷേത്രങ്ങളിലെയും നെയ്യാട്ടിന് ഉപയോഗിക്കുന്നത്.
നെയ്യ് ഘോഷയാത്രയായി 17 ന് രാവിലെ ഒന്പതിന് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി പൂജിച്ച നെയ്യ് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ഉഷാറാണിക്കും മഹാദേവ സേവാസംഘം ഭാരവാഹികൾക്കും കൈമാറും. ചെങ്ങന്നൂർ ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മോഹനര് നെയ്യ് ഏറ്റുവാങ്ങും. ചെങ്ങന്നൂർ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണത്തിനൊപ്പം ഓരോ പറ അവൽ, മലർ, ശർക്കര, ഉണക്കലരി എന്നിവയും കദളിക്കുലയും ദേവീദേവന്മാർക്ക് പട്ടുടയാടകളും സമർപ്പിക്കും.