റബർ കർഷകർ ദുരിതത്തിൽ
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റബർ കർഷകർ പ്രതിസന്ധിയിൽ. ദിവസവും രാത്രിയും രാവിലെയും മഴ ശക്തമായി പെയ്യുന്നതിനാൽ ടാപ്പിംഗ് തടസമായതായി കർഷകർ പറയുന്നു.
മഴ മൂലം ടാപ്പിംഗ് പ്രതിസന്ധിയിലായതോടെ വരുമാനം നിലച്ച അവസ്ഥയിലാണ്. മഴയെ പ്രതിരോധിക്കാൻ റബർ മരത്തിൽ ഇടുന്ന പ്ലാസ്റ്റിക് കവറുകൾ തുടർച്ചയായ നനവ് മൂലം പ്രയോജനം ചെയ്യുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ചെറിയ ചാറ്റൽ മഴയിൽനിന്നു മാത്രമാണ് ഈ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ടാപ്പിംഗ് നടത്താൻ സാധിക്കുന്നത്. ഇനിയും മഴ തുടർന്നാൽ ടാപ്പിംഗ് പൂർണമായും നിർത്തിവയ്ക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. ടാപ്പിംഗ് മുടങ്ങിയതോടെ റബർ ഉത്പാദനം അന്പത് ശതമാനം കുറഞ്ഞതായി റബർ ഉത്പാദക സംഘങ്ങളും പറയുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്നവർ മഴ മൂലം മറ്റ് മേഖലയിലേക്ക് തൊഴിൽ തേടി പോകേണ്ട അവസ്ഥയിലാണ്. ഇന്നലെ മുതൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനാൽ ചെറിയ ആശ്വാസത്തിലാണ് റബർ കർഷകർ.