മലയോര മേഖല മണ്ണിടിച്ചിൽ ഭീഷണിയിൽ
മുണ്ടക്കയം: കനത്ത മഴ മലയോര മേഖലയിൽ വലിയ മണ്ണിടിച്ചിൽ ഭീഷണിയാണ് ഉയർത്തിയത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ 35-ാംമൈലിനും കുട്ടിക്കാനത്തിനുമിടയിൽ നിരവധി സ്ഥലങ്ങളിലാണു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞും മരംവീണും രണ്ടു ദിവസങ്ങളിലായി നിരവധി തവണ ഗതാഗതവും തടസപ്പെട്ടിരുന്നു.
ഇപ്പോഴും അപകടഭീഷണി ഉയർത്തി നിരവധി മരങ്ങളും പാറക്കല്ലുകളുമെല്ലാം നിൽക്കുന്നത് ഹൈറേഞ്ച് മേഖലയിലേക്കുള്ള യാത്ര ദുഷ്ക്കരമാക്കുകയാണ്. അനധികൃത നിർമാണവും മൂടൽ മഞ്ഞുമെല്ലാം മേഖലയിൽ അപകടസാധ്യത വർധിപ്പിക്കുകയാണ്. ശക്തമായ മഴ തുടർന്നാൽ കൂട്ടിക്കൽ, മുണ്ടക്കയം, പെരുവന്താനം, പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയും ഏറെയാണ്. കഴിഞ്ഞവർഷം കൊക്കയാർ പഞ്ചായത്തിലെ വെന്പാല മലയിലുണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചിരുന്നു. ശക്തമായ മഴ തുടരുന്ന സമയങ്ങളിൽ രാത്രികാലങ്ങളിൽ ഹൈറേഞ്ച് മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു വാഹന യാത്രക്കാർക്കു വിവിധ വകുപ്പുകളും മുന്നറിയിപ്പ് നൽകുന്നുണ്ട്