കെഎസ്ആർടിസി ഡിപ്പോയിലെ കെട്ടിടവും വർക്ഷോപ്പും ശോചനീയാവസ്ഥയിൽ
പൊൻകുന്നം: പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ കെട്ടിടവും വർക്ഷോപ്പും വാട്ടർടാങ്കും ശോചനീയാവസ്ഥയിൽ. 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ പല സ്ഥലങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. പുതിയ കെട്ടിടം നിർമിക്കുന്നതിന് പദ്ധതിയിട്ടെങ്കിലും ഇതുവരെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.
രണ്ടു നില കെട്ടിടമായിരുന്നു പ്ലാൻ. താഴത്തെ നിലയിൽ മെക്കാനിക്കൽ വിഭാഗങ്ങളും വർക്കിംഗ് റൂം, സ്റ്റോർ എന്നിവയും രണ്ടാം നിലയിൽ എഡിഇ റൂം, ബാത്ത് റൂം, മെക്കാനിക്കൻ വിശ്രമമുറി എന്നിവയും മുകളിൽവാട്ടർ ടാങ്കുമാണ് നിർമാണ പദ്ധതിയിലുണ്ടായിരുന്നത്. സംസ്ഥാന പാതയിൽ നിന്നു നേരെ വാഹനങ്ങൾ കയറുന്ന രീതിയിലുളള പുതിയ വർക്ഷോപ്പ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു കോടി ഇരുപതുലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ്. ഇതിന്റെ എസ്റ്റിമേറ്റ് എടുത്തിട്ട് മാസങ്ങളായെങ്കിലും തുടർനടപടികളൊന്നുമായില്ല.
കെഎസ്ആർടിസി ജില്ലാ വർക്ഷോപ്പിനെ സബ് വർക്ഷോപ്പാക്കി മാറ്റിയപ്പോൾ ഡിസിപി മെയിൻ വർക്ഷോപ്പായി പാലാ വർക് ഷോപ്പിനെ മാറ്റിയിരുന്നു. ഇതിന്റെ കീഴിലാണ് ഇപ്പോൾ പൊൻകുന്നത്തെ വർക് ഷോപ്പ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ വിവിധ ഡിപ്പോകളിലെ നാൽപതിലധികം മെക്കാനിക്കൽ ജീവനക്കാരും ബസുകളും ഇവിടെ ഇപ്പോൾ ഉള്ളതിനാൽ വർക്ഷോപ്പിൽ യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. അപകട ഭീഷണിയായ വർക്ഷോപ്പ് എത്രയും വേഗം പുതുക്കിപ്പണിയണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.