ചിറക്കടവ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രങ്ങളിൽ നെയ്യാട്ട് നടത്തി
ചിറക്കടവ് മഹാദേവക്ഷേത്രത്തിൽനിന്ന് ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കുള്ള നെയ്യ് മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി സബ്ഗ്രൂപ്പ് ഓഫീസർ ഉഷാറാണി, സേവാസംഘം പ്രസിഡന്റ് ഇൻ ചാർജ് ടി.പി.മോഹനൻ പിള്ള എന്നിവർക്ക് കൈമാറുന്നു
ചിറക്കടവ്: തുലാം സംക്രമമുഹൂർത്തത്തിൽ ചിറക്കടവ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രങ്ങളിൽ നെയ്യാട്ട് നടത്തി. രാജഭരണകാലം മുതൽ തുടരുന്ന ആചാരമാണിത്. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച നെയ്യിൽനിന്നു വാഴൂർ തീർഥപാദാശ്രമത്തിലെ നെയ്യിൽനിന്നു ഒരുവിഹിതം ചെങ്ങന്നൂർ ക്ഷേത്രത്തിൽ ചിറക്കടവ് മഹാദേവ സേവാസംഘം ഭാരവാഹികൾ സമർപ്പിച്ചു. തുടർന്ന് ഇരുക്ഷേത്രങ്ങളിലും ഒരേ മുഹൂർത്തത്തിൽ നെയ്യഭിഷേകം നടത്തി.
ചിറക്കടവ് ക്ഷേത്രത്തിൽ മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരിയും ചെങ്ങന്നൂർ ക്ഷേത്രത്തിൽ തന്ത്രി കണ്ഠര് മോഹനരും കാർമികത്വം വഹിച്ചു.
ചിറക്കടവിൽ പൂജിച്ച നെയ്യ് ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ ഉഷാറാണി, സേവാസംഘം പ്രസിഡന്റ് ഇൻ ചാർജ് ടി.പി.മോഹനൻപിള്ള എന്നിവർ ചേർന്ന് ഏറ്റുവാങ്ങി ഘോഷയാത്രയായാണ് ചെങ്ങന്നൂരിലെത്തിച്ചത്. സേവാസംഘം സെക്രട്ടറി പി.എൻ.ശ്രീധരൻ പിള്ള, ബി.സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.