രണ്ട് പാലങ്ങൾ തകർന്നു, 300 കടകളിൽ വെള്ളംകയറി; മണിമലയിൽ കോടികളുടെ നഷ്ടം
മണിമല: 1957-നുശേഷം മണിമലയാർ ഇത്രയധികം കരകവിഞ്ഞ് ഒഴുകിയിട്ടില്ല. മണിമല വെള്ളാവൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ മണിമലയാറിന്റെ ഇരു കരകളിലുമായുള്ള 300-ഓളം വ്യാപാര സ്ഥാപനങ്ങളിലേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വെള്ളംകയറാൻ തുടങ്ങി. കടകളിലെ സാധനങ്ങൾ മാറ്റുന്നതിനു മുമ്പ് കടകളിൽ വെള്ളംനിറഞ്ഞു. രണ്ട് പഞ്ചായത്തുകളിലായി കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇരുനില കെട്ടിടമുള്ളവർ താഴത്തെ നിലയിൽ നിന്ന് മുകളിലത്തെ നിലയിൽ സാധനങ്ങൾ കയറ്റി. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മുകളിലത്തെനിലയിൽ കുടുങ്ങിയവരെ രാത്രി ഒരുമണിയോടെ അഗ്നിരക്ഷാസംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്.
മണിമല ബസ്‍സ്റ്റാൻഡ് മൈതാനിയിൽ പാർക്ക് ചെയ്തിരുന്ന രണ്ടുകാറും ഒരുടെമ്പോവാനും ഒഴുക്കിൽപ്പെട്ടു. വാൻ മുന്നൂറു മീറ്റർ ഒഴുകി വൈദ്യുതിക്കാലിൽ ഇടിച്ചുമറിഞ്ഞു. കാർ നാട്ടുകാർ വടംകെട്ടിനിർത്തി. പൊൻകുന്നം-പുനലൂർ സംസ്ഥാന ഹൈവേയിൽ വയിലിപ്പടിക്കുസമീപം റോഡിൽ കേടായിക്കിടന്ന കാറും റോഡ് വശത്ത് ഇട്ടിരുന്ന മാരുതിവാനും ഒഴുക്കിൽപ്പെട്ടെങ്കിലും വടംകെട്ടി നാട്ടുകാർ പിടിച്ചെടുത്തു.
വെള്ളാവൂർ-കോട്ടാങ്ങൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആശ്രമം കടവ് തൂക്കുപാലവും ചെറുവള്ളി പള്ളിപ്പടിയിൽ മണിമലയാറിനു കുറുകെയുള്ള ചെറുവള്ളി പാലവും തകർന്നു. ചെറുവള്ളി പാലത്തിന്റെ തൂണുകൾ മാത്രമാണ് ഇപ്പോഴുള്ളത്. പഴയിടം പാലത്തിന്റെ കൈവരികൾ തകർന്നു. വെള്ളാവൂർ പഞ്ചായത്ത് പ്രദേശത്ത് വീടും കടയും ഒരുമിച്ച് നടത്തിയ 156 പേർക്കും മണിമല പഞ്ചായത്തിൽ ഇരുപതോളം വീടുകൾക്കും നാശനഷ്ടമുണ്ടായി.