മഴ നല്‍കിയ നഷ്‌ടം കൂട്ടാനാകാതെ കൂട്ടിക്കല്‍
കൂട്ടിക്കല്‍: ശനിയാഴ്‌ച പെയ്‌ത നാലു മണിക്കൂര്‍ മഴയില്‍ കൂട്ടിക്കല്‍ പഞ്ചായത്തിനെ ഛിന്നഭിന്നമാക്കിയതു ചെറുതും വലുതുമായ നൂറിലേറെ ഉരുളുകള്‍. പ്ലാപ്പള്ളിയിലെയും കാവാലിയിലെയും ഉരുള്‍പ്പൊട്ടല്‍ മാത്രം പുറംലോകമറിഞ്ഞപ്പോള്‍ മറ്റിടങ്ങളിലേതു നാടിന്റെ മാത്രം വേദനായി ഒതുങ്ങി. തങ്ങളുടെ ആയുസില്‍ ഒരു ദിവസം ഇത്രയേറെ ഉരുള്‍പ്പൊട്ടലുണ്ടായത് ഇതാദ്യമായാണെന്നു പഞ്ചായത്തിലെ വയോധികര്‍ പറയുന്നു. ഗ്രാമത്തിന്റെ വളര്‍ച്ചയെ വര്‍ഷങ്ങള്‍ പിന്നോട്ട് അടിച്ചിരിക്കുകയാണു കഴിഞ്ഞ ദിവസം പെയ്‌ത് മഴ.
പഞ്ചായത്തില്‍ 12 പേരുടെ ജീവന്‍ നഷ്‌ടമായി. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ പ്ലാപ്പള്ളി മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഉരുളുകള്‍ പൊട്ടിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജി പറഞ്ഞു. മ്ലാക്കര, വല്യേന്ത ഭാഗങ്ങളിലും മലയോരം വ്യാപകമായി പൊട്ടിയടര്‍ന്നു. ഒരേ മലയിടുക്കില്‍ രണ്ടും മൂന്നും ചെറിയ ഉരുളുകള്‍ പൊട്ടിയൊഴുകി. റബര്‍ തോട്ടങ്ങളില്‍ ചെറിയ തോടുകള്‍ക്കു സമാനമായ രീതിയിലാണു മണ്ണൊഴുകി നീങ്ങിയത്.
പഞ്ചായത്തിലെ ഇത്രയും ഉരുളുകള്‍ക്കൊപ്പം കൊക്കയാറിലെ വടക്കേമല, മുക്കുളം, ഉറുമ്പിക്കര മേഖലകളില്‍ നിന്നുള്ള ഉരുളുകളും ഒന്നോ രണ്ടോ മണിക്കൂറിന്റെ വ്യത്യാസത്തില്‍ പൊട്ടി ഒന്നിച്ച് ഒഴുകിയെത്തിയതാണു കൂട്ടിക്കല്‍ മുതല്‍ മണിമല വരെയുള്ള പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. ഇന്നലെ രാവിലെയോടെ റോഡുകളിലെ ഗതാഗത തടസം പൂര്‍ണമായി നീങ്ങിയപ്പോഴാണു കൂടുതല്‍ സ്‌ഥലങ്ങളിലെ ഉരുള്‍പ്പൊട്ടലുകള്‍ വ്യക്‌തമായത്.
പഞ്ചായത്തിലെ 600 ലേറെ വീടുകള്‍ക്കു നഷ്‌ടമുണ്ടായി. തകര്‍ച്ച ഭാഗികമാണെങ്കിലും വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണു ഭൂരിഭാഗം വീടുകളും. 150 വ്യാപാര സ്‌ഥാപനങ്ങള്‍ക്കാണു മലവെള്ളം നഷ്‌ടം സമ്മാനിച്ചത്. കൂട്ടിക്കല്‍ ടൗണ്‍, ചപ്പാത്ത് ഭാഗങ്ങളിലെ ചില വ്യാപാര സ്‌ഥാപനങ്ങള്‍ പൂര്‍ണമായി ഒഴുകിപ്പോയി.
പഞ്ചായത്തിലൂടെ കടന്നു പോകുന്ന മൂന്നു പ്രധാന പൊതുമരാമത്ത് റോഡുകളും തകര്‍ന്നു. പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള മുഴുവന്‍ റോഡുകള്‍ക്കും മലവെള്ളപ്പാച്ചിലില്‍ വന്‍ നഷ്‌ടമുണ്ടായി. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണമായി വിഛേദിക്കപ്പെട്ട നിലയിലാണ് ഇപ്പോഴും.