നഷ്‌ടക്കണക്ക്‌ കൂട്ടിക്കലില്‍ ഒതുങ്ങുന്നില്ല; തിരികെ മടങ്ങാന്‍ വീടില്ല വടക്കേമല നിവാസികള്‍ ഒറ്റപ്പെട്ടു

കൂട്ടിക്കല്‍: ഏന്തയാര്‍, വടക്കേമല ഭാഗങ്ങളില്‍ പൊട്ടിയതു മുപ്പതോളം ഉരുള്‍, നാശനഷ്‌ടം കണക്കുകൂട്ടലിനപ്പുറവും. ദുരന്തമുഖത്തു നിന്നു നാട്ടുകാരില്‍ പലരും രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. ഇന്നലെയാണ്‌ ഏന്തയാര്‍,ഇളംകാട്‌, വടക്കേമല പ്രദേശങ്ങളിലെ ദുരിതം പുറത്തറിഞ്ഞു തുടങ്ങിയത്‌. 
ശനിയാഴ്‌ച്ച ശക്‌തമായ പെയ്‌ത മഴയില്‍ ഉരുള്‍പൊട്ടലിന്റെ സൂചന മുന്നില്‍ കണ്ട പ്രായമായവരുടെ നിര്‍ദേശപ്രകാരം പലരും വീടുകളില്‍ നിന്നും മാറി നിന്നതിനാല്‍ ആളപായമുണ്ടായില്ല. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ നാട്ടുകാര്‍ വീടുകളില്‍ നിന്നും മാറിയത്‌. തിരികെയെത്തിയപ്പോള്‍ തങ്ങളുടെ വീട്‌ തകര്‍ന്ന്‌ കിടക്കുന്ന കാഴ്‌ച്ച തദേശവാസികളുടെ നെഞ്ചുപിളര്‍ത്തു.
ഇവരെല്ലാം ഇപ്പോള്‍ ക്യാമ്പില്‍ കഴിയുകയാണ്‌. പലരും മാറിയുടുക്കാന്‍ ഉടുവസ്‌ത്രം പോലുമില്ലാത്ത അവസ്‌ഥയിലാണ്‌. മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്‌. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഏന്തയാര്‍, വല്ല്യേന്ത, കൊടുങ്ങ, ഇളംകാട്‌ ടോപ്പ്‌, ഞര്‍ക്കാട്‌, കൊക്കയാര്‍ പഞ്ചായത്തിലെ വടക്കേമല, ഏഴേക്കര്‍ എന്നിവിടങ്ങളിലാണ്‌ ഉരുള്‍പ്പൊട്ടിയത്‌. 
ചെറുതും വലുതുമായ മുപ്പതോളം ഉരുളുകളാണ്‌ പൊട്ടിയത്‌. മേഖലയില്‍ കൂട്ടിക്കല്‍ പഞ്ചായത്തില്‍പ്പെടുന്ന ഭാഗങ്ങളില്‍ 9 വീടുകള്‍ പൂര്‍ണായി 18 വീട്‌ ഭാഗികമായി തകര്‍ന്നു. ഏഴേക്കര്‍ പാലം, ഇളംകാട്‌ ടൗണിലെ പാലം നശിച്ചതോടെ മേഖല ഒറ്റപ്പെട്ടു.
മലവെള്ളത്തിനൊപ്പം കല്ലും മണ്ണും മരങ്ങളും പുല്ലകയാറ്റില്‍ കുത്തിയൊലിച്ചെത്തി കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം തകര്‍ന്നു. ഇതോടെ മേഖല ഒറ്റപ്പെട്ടു. വടക്കേമല, കൊടുങ്ങ, വലേന്ത്യ നിവാസികള്‍ ഇളംകാട്‌ ചുറ്റി ഏഴു കിലോമീറ്റര്‍ ചുറ്റി വേണണം എന്തയാറ്റില്‍ എത്താന്‍. 
കൊക്കയാര്‍ പഞ്ചായത്തില്‍ ഏഴേക്കര്‍ ഭാഗത്ത്‌ മധുവിന്റെ വീട്‌ പൂര്‍ണമായും തകര്‍ന്നു. മേഖലയില്‍ 14 വീടുകള്‍ തകര്‍ന്നും ചെളി നിറഞ്ഞും വാസയോഗ്യമല്ലാതായി മാറി. ഉരുള്‍പൊട്ടി അതിശക്‌തമായി പുല്ലകയാര്‍ ഗതിമാറി ഒഴുകിയാണ്‌ വീടുകള്‍ക്ക്‌ നാശനഷ്‌ടമുണ്ടായത്‌.

error: Content is protected !!