മഴക്കെടുതി അപഹരിച്ചത് 13 ജീവൻ, 184 വീടുകൾ പൂർണമായും 518 വീടുകൾ ഭാഗികമായും തകർന്നു; കാഞ്ഞിരപ്പള്ളിയുടെ നഷ്ടക്കണക്കിൽ ലക്ഷങ്ങൾ

കാഞ്ഞിരപ്പള്ളി∙ശനിയാഴ്ചയുണ്ടായ മഴക്കെടുതി താലൂക്കിൽ അപഹരിച്ചത് 13 ജീവൻ, വിതച്ചത് കോടികളുടെ നഷ്ടം. ടൗണുകൾ കൂടാതെ ഉൾപ്രദേശങ്ങളിലെത്തുമ്പോൾ നഷ്ടക്കണക്കിൽ ലക്ഷങ്ങൾ പെരുകുകയാണ്.

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിക്കു സമീപം ചിറ്റാർപുഴയിലെ വെള്ളം കയറി മേച്ചേരിത്താഴെ വാഴക്കാലായിൽ നസീമയുടെ വീടു പൂർണമായും തകർന്ന നിലയിൽ. 

വീടുകൾ

ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിൽ 184 വീടുകൾ പൂർണമായും 518 വീടുകൾ ഭാഗികമായും 760 വീടുകളിൽ വെള്ളം കയറി നാശമുണ്ടായി. 544 കടകളിൽ വെള്ളം കയറി. കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 116 വീടുകൾ ഭാഗികമായും തകർന്നു. കാഞ്ഞിരപ്പള്ളി വില്ലേജിൽ 7 വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു.

കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും 36 വീടുകൾ ഭാഗമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ 2 വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു. മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകൾ പൂർണമായും തകർന്നു. ചെറുവള്ളിയിൽ 45ഉം ,മണിമലയിൽ ഏഴും, ചിറക്കടവിൽ രണ്ടും കോരുത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു.

കടകൾ

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 120 കടകളിൽ നടത്തിയ പരിശോധനയിൽ 6.75 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ടൗണിൽ ബസ് സ്റ്റാൻഡ് ജംക്‌ഷൻ, കുരിശുങ്കൽ , പേട്ടക്കവല, ആനക്കല്ല്, മഞ്ഞപ്പള്ളി എന്നിവിടങ്ങളിലെ കടകളിലാണ് വൻ നാശമുണ്ടാക്കിയത്.

കൃഷി

കാഞ്ഞിരപ്പള്ളി താലൂക്കിൽ 14 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ കൃഷിഭവൻ പരിധിയിൽ മാത്രം 12.33 കോടി രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. താലൂക്കിലെ കൃഷി ഭവൻ അടിസ്ഥാനത്തിലുള്ള നഷ്ടങ്ങളുടെ കണക്കുകൾ ഇങ്ങനെ: കാഞ്ഞിരപ്പള്ളി – 65 ലക്ഷം, പാറത്തോട് – 58.6 ലക്ഷം, എരുമേലി- 18 ലക്ഷം, മുണ്ടക്കയം 15.6 ലക്ഷം, മണിമല 7.5 ലക്ഷം, കോരുത്തോട് 5.46 ലക്ഷം. 

വൈദ്യുതി

കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നീ വൈദ്യുതി സെക്‌ഷനുകൾ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വൈദ്യുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. നൂറിലധികം എച്ച്ടി പോസ്റ്റുകളും, ഇരുനൂറോളം എൽടി പോസ്റ്റുകളും തകർന്നു. പത്തിലധികം ട്രാൻസ്ഫോമറുകളും തകരാറിലായി.

പാലങ്ങൾ

കാഞ്ഞിരപ്പള്ളി മേഖലയിൽ 4 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എരുമേലി ശബരിമല പാതയിൽ ‍ 26ാം മൈലിലെ പാലത്തിന്റെ തൂണുകളും, കൈവരികളും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ചിറ്റാർ പുഴയ്ക്ക് കുറുകെയുള്ള അഞ്ചിലിപ്പ പാലത്തിനു കേടുപാടുണ്ടായി. വിഴിക്കിത്തോട് കടവനാൽക്കടവ് പാലത്തിനും മണിമലയാറ്റിലെ കരിമ്പുകയം പാലത്തിനും കേടുപാടുകൾ സംഭവിച്ചു. പഴയ പള്ളിക്കു സമീപം നിർമാണത്തിലിരുന്ന പാലവും തകർന്നു.

കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിക്കു സമീപം ചിറ്റാർപുഴയിലെ വെള്ളം കയറി പൂർണമായും നശിച്ച ചരുവിളപുത്തൻവീട്ടിൽ വിജയമ്മയുടെ വീട്. വിജയമ്മയും 3 മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. 

റോഡുകൾ

കാഞ്ഞിരപ്പള്ളി- എരുമേലി റോഡ്, കാഞ്ഞിരപ്പള്ളി -മണിമല റോഡ്, കാഞ്ഞിരപ്പള്ളി -പനച്ചേപ്പള്ളി റോഡ്, ചോറ്റി- ഊരയ്ക്കനാട് റോഡ്, പാറത്തോട് -വേങ്ങത്താനം റോഡ്, പൊടിമറ്റം -പൊന്മല റോഡ് എന്നീ റോഡുകൾ തകർന്നു. പൊതുമരാമത്ത് വകുപ്പ് നഷ്ടം കണക്കാക്കി വരുന്നു.

വാഹനങ്ങൾ

നൂറുകണക്കിനു വാഹനങ്ങളാണ് വെള്ളം കയറി നശിച്ചത്. കാഞ്ഞിരപ്പള്ളിയിലെ 3 വാഹന ഷോറൂമുകളിൽ മാത്രം ഇന്നലെ വരെ 62 കാറുകളാണ് വെള്ളം കയറി തകരാറിലായതിനെ തുടർന്ന് എത്തിച്ചിരിക്കുന്നത്. 

പൂർണമായും തകർന്ന കാഞ്ഞിരപ്പള്ളി മണ്ണാർക്കയം കാവുങ്കൽ ജോസിന്റെ വീട്. സംഭവസമയത്ത് ജോസും ഭാര്യ കുഞ്ഞുമോളുമാണ് വീട്ടിലുണ്ടായിരുന്നത്. ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.  
error: Content is protected !!