ഒരു കട പോലും ബാക്കി വയ്ക്കാതെ പൂർണമായും വെള്ളം കവർന്ന കൂട്ടിക്കൽ ടൗൺ; വീടുകൾ നിന്ന സ്ഥലത്ത് ഇപ്പോൾ വലിയ ആറ്:

വാഗമൺ മലനിരകളുടെ താഴെ ഇളംകാട് ടൗണിൽ നിന്നും മലമുകളിലേക്കു നോക്കിയാൽ പച്ച വിരിച്ച മലകൾക്ക് ഇടയിൽ ചെമ്മണ്ണ് നിറത്തിൽ വരിവരിയായി വലിയ അടയാളങ്ങൾ കാണാനാകും. വനം മേഖലയായ പ്രദേശത്ത് ഉരുളുകൾ പൊട്ടി താഴേക്ക് ഒഴുകിയ അടയാളങ്ങളാണ് ഇവ. ഇത് കാണാൻ കഴിയുന്ന ഉരുൾപൊട്ടലിന്റെ ശേഷിപ്പുകളാണ് ഇത്തരത്തിൽ 100 ഓളം ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉൾ വനങ്ങളിലും ജനവാസ മേഖലകളിലും ഉണ്ടായി. ഇതേ തുടർന്ന് എത്തിയ വെള്ളമാണ് മലയോര മേഖലയിൽ നാശം വിതച്ചത്.

ഇളംകാട് ടോപ്പ് മ്ലാക്കര പാലം തകർന്ന നിലയിൽ. 

തുടക്കം ജീവൻ കവർന്ന് 

മൂപ്പൻ മലയുടെ താഴെ നാല് കിലോമീറ്ററോളം മാറിയാണ് ജനവാസ മേഖല. മലനിരകളിൽ നിന്നും ഒഴുകി എത്തിയ വെള്ളം പുല്ലകയാറിൽ സ്വീകരിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ ഇളംകാട് ടൗണിനു സമീപം മുക്കുളം താഴെ പുഴ ഗതി മാറി ഒഴുകി ഇവിടെ നിന്നാണ് ഓലിക്കൽ ഷാലറ്റിന്റെ ജീവൻ പുഴ കവർന്നത്. ഇവരുടെ വീട് ഉൾപ്പെടെ നാലു വീടുകൾ പൂർണമായും തകർന്നു. ഒൻപത് വീടുകൾ ഭാഗികമായി തകർന്നു. വീടുകൾ നിന്ന സ്ഥലത്ത് ഇപ്പോൾ വലിയ ആറ് പോലെ രൂപപ്പെട്ടിരിക്കുന്നു.

ഇളംകാട് മുക്കുളം റോഡിലെ തടസ്സങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ. 

വഴിയില്ലാതെ ഒരു നാട്

ഇളംകാട് ടോപ്പ് പ്രദേശത്തേക്കുള്ള പാലം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മ്ലാക്കര ഭാഗത്തേക്കുള്ള പാലവും തകർന്നു. ഇളംകാട് ടൗണിനു മുകളിലായി കൊടുങ്ങ, പാറമട ഭാഗം, വല്യേന്ത തുടങ്ങിയ പ്രദേശങ്ങളി‍ൽ ഉണ്ടായ ഉരുൾപൊട്ടലുകളാണു ഈ വഴി വെള്ളം എത്താൻ കാരണം. ഈ പ്രദേശത്തുള്ള 100 കണക്കിനു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായിരുന്നു. പാലം ഉടൻ നിർമിച്ചില്ലെങ്കിൽ ഗതാഗത്തിനു നാടിനു വേറെ വഴിയില്ല. കൊടുങ്ങ വല്യേന്ത പ്രദേശങ്ങളിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കൂട്ടിക്കൽ ഇളംകാട് റോഡിന് മറുകരയിൽ ഏഴേക്കർ ഭാഗം ഒറ്റപ്പെട്ട നിലയിൽ. ഇവിടെ നിരവധി വീടുകളാണ് പ്രളയത്തിൽ തകർന്നത്. 

ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

ഇളംകാട് ടൗണിനു സമീപം മുതൽ പുല്ലകയാറിന്റെ മറുകരയിലുള്ള ഗ്രാമങ്ങൾ കൂട്ടിക്കൽ വരെ ഒറ്റപ്പെട്ട നിലയിലാണ്. മുക്കുളം , മുക്കുളം ഈസ്റ്റ്, വടക്കേമല, കൊക്കയാർ, വെംബ്ലി, ഏഴേക്കർ, ഏന്തയാർ ഈസ്റ്റ്, കനകപുരം തുടങ്ങിയ പ്രദേശത്തേക്കുള്ള ഏന്തയാർ – മുക്കുളം പാലം തകർന്നതാണ് കാരണം. വെംബ്ലി പാലവും പുഴയെടുത്തു ഇതോടെ ഇവിടേക്ക് എത്തണം എങ്കിൽ ഇളംകാട് പാലം വഴി യാത്ര ചെയ്യേണ്ടതായി വന്നു. എന്നാൽ ഈ വഴിയിലും ഗതാഗതം മുടങ്ങി ഇന്നലെയാണ് റോഡിലെ തടസ്സങ്ങൾ നീക്കിയത്. മുക്കുളം കൊക്കയാർ വെംബ്ലി മേഖലകളിലായി 100 ഓളം വീടുകളാണ് തകർന്നത്. 2000 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുല്ലകയാറിന്റെ തീരത്ത് ഏഴേക്കർ ഭാഗത്ത് ഉൾപ്പെടെ പുഴ ഗതി മാറി ഒഴുകി നിരവധി വീടുകൾ പൂർണമായും തകർന്നു.

കൂട്ടിക്കൽടൗൺ അതിജീവന പാതയിൽ 

ഒരു കട പോലും ബാക്കി വയ്ക്കാതെ പൂർണമായും വെള്ളം കവർന്ന നിലയിലാണ്. ഇന്നലെയും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുല്ലകയാറിൽ നിന്നും ഇത്രയും ഉയരത്തിൽ വെള്ളം ടൗണിൽ കയറാൻ കാരണം പ്ലാപ്പള്ളി, കാവാലി പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലുകളാണ് താളുങ്കൽ ചാത്തൻപ്ലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.

പഞ്ചായത്ത് ഓഫിസ് ഭാഗം മുതൽ ചപ്പാത്ത് പാലത്തിന് സമീപം വരെ നിരവധി വീടുകളും തകർന്നു. പാലത്തിന് മറു കരയിൽ കൊക്കയാർ പഞ്ചായത്തിലെ നാരകം പുഴ പ്രദേശങ്ങളിലും വെള്ളം കയറി നിരവധി വീടുകൾ നശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് ശുചീകരണം നടക്കുന്നത്. കൂട്ടിക്കൽ മുതൽ ഇളംകാട് വരെയുള്ള പ്രദേശങ്ങളിലും റോഡരുകിലെ നിരവധി വീടുകളിൽ വെള്ളം കയറി.

ഇരു വശവും ഒരുപോലെ കവർന്ന് പുഴ 

താഴേക്കുള്ള യാത്രയിൽ പുഴയുടെ ഇരു വശങ്ങളും തകർത്ത് എറിഞ്ഞാണു പ്രളയ ജലം കടന്നു പോയത്. ഇതിനു സമീപമാണ് കൊക്കയാര‍് പൂവഞ്ചിയിൽ ഉരുൾപൊട്ടൽ ഉണ്ടായത് ഈ വെള്ളവും എത്തിയത് പുല്ലകയാറിൽ ആണ്. ഈ പ്രദേശങ്ങളിലും നിരവധി വീടുകൾ തകർന്നു. വൻ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും നശിച്ച നിലയിലാണ്. പുല്ലകയാർ മണിമലയാറ്റിൽ സംഗമിക്കുന്ന കല്ലേപ്പാലത്തിന് സമീപമാണ് വീണ്ടും ദുരന്തം ആവർത്തിച്ചത്. 18 വീടുകൾ ഇവിടെ തകർന്നു. നാല് വീടുകൾ പൂർണമായും വെള്ളത്തിൽ ഒഴുകി പോയി.

കോസ്‌വേയും ബൈപാസും യുദ്ധ സമാനം 

ഒഴുകി എത്തിയ വൻ മരങ്ങൾ തങ്ങി നിന്ന് അതിനു മുകളിലൂടെ വെള്ളം കയറി ഒഴുകിയതോടെ കോസ്‌വേ പാലത്തിന് സമീപമുള്ള കടകളും വീടുകളും എല്ലാം വെള്ളത്തിലായി. മുളങ്കയം ഭാഗത്ത് നിരവധി വീടുകൾ തകർന്നു. മൂന്നു ആഴ്ച മുൻപ് മൂന്ന് ലക്ഷം രൂപ മുടക്കി നിർമിച്ച കോസ്‌വേ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നു.

2018 ലെ പ്രളയത്തിൽ തകർന്ന കൈവരി വീണ്ടും നിർമിച്ചതായിരുന്നു. ബൈപാസ് റോഡിൽ ഒരു മീറ്ററോളം ഉയരത്തിലാണ് മണ്ണ് കയറി കിടക്കുന്നത്. സമീപമുള്ള വീടുകളിലും വെള്ളം കയറി. വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുകയും മഴ രണ്ട് മണിക്കൂർ കൂടി ശക്തമായി പെയ്യുകയും ചെയ്താൽ ടൗണിൽ വെള്ളം കയറും എന്ന സ്ഥിതി ആയിരുന്നു.

കലിയടങ്ങാതെ കവർന്നത് സ്വപ്നങ്ങൾ

താഴേയ്ക്കുള്ള യാത്രയിൽ ചെക്ക് ഡാം കഴിഞ്ഞാൽ പിന്നെ കാഴ്ചകൾ ദയനീയമാണ്. വെള്ളനാടി ആറ്റോരം ഭാഗത്ത് 51 വീടുകളാണ് പൂർണമായും തകർന്നത്. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമായി ക്യാംപുകളിൽ കഴിയുകയാണ് ഇവിടെയുള്ള ആളുകൾ. വീടുകൾ പൂർണമായും തകർന്നടിഞ്ഞു. മുൻകരുതൽ എടുത്തതിനാൽ ആളുകൾ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. വെള്ളനാടി എസ്റ്റേറ്റിലെ ചെറിയ പാലം പുഴ കവർന്നു തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. പാലത്തിന് താഴ് ഭാഗങ്ങളിലായി എസ്റ്റേറ്റ് ലയങ്ങളിലും തീര ദേശത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി.

error: Content is protected !!