കൂട്ടിക്കൽ പാറഖനനം നിർത്തണമെന്ന ശുപാർശ പരിസ്ഥിതി വകുപ്പ് അവഗണിച്ചു

: കൂട്ടിക്കലെ ക്വാറികൾ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ ഖനനം ഉടൻ നിർത്തണമെന്നുള്ള സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ ശുപാർശ തള്ളിയതിന് വലിയവില നൽകേണ്ടിവന്നു. 2015 സെപ്റ്റംബർ 24-ന് ബോർഡ്, സംസ്ഥാന പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇത് അവഗണിച്ച് പഞ്ചായത്തിൽ ക്വാറികൾ പ്രവർത്തിക്കുകയായിരുന്നു.

2015-ൽത്തന്നെ കൂട്ടിക്കൽ പഞ്ചായത്തിലെ കുന്നുകൾ ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്നതായി ഇവർ കണ്ടെത്തി. ഖനനം നടത്തുന്നത് പുഴയുടെ ഉത്‌ഭവസ്ഥാനത്താണ്. സ്രോതസുകളെ ബാധിക്കുംവിധമുള്ള ഖനനം അപകടകരമാണ്. പ്രദേശം വാഗമൺ കുന്നിന്റെ തുടർച്ചയുമാണ്. ഇവിടെ ഖനനം അവസാനിപ്പിച്ച് വിപുലമായ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്നും നിർദേശിച്ചിരുന്നു.

ബോർഡിന്റെ കണ്ടെത്തലുകൾ

• കൊടുങ്ങ ക്വാറി ജലപ്രവാഹം തടസ്സപ്പെടുത്തുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ദുർബലമേഖലയായതിനാൽ ഖനനം പാടില്ല.

• പശ്ചിമഘട്ടത്തിലെ 2000 അപൂർവ സസ്യജാലങ്ങളെ ഇവിടെ കണ്ടെത്തി.

• മണിമലയാറിന്റെ വൃഷ്ടിപ്രദേശമാണ് ഇവിടം. ഒരു ക്വാറിക്കുള്ളിലൂടെ കടന്നുവരുന്ന പ്രവാഹം പുല്ലകയാറിലേക്ക് ചെല്ലുന്നുണ്ട്.

• വർഷം 200 ദിവസം മഴ കിട്ടുന്ന ഇടമാണിത്. പക്ഷേ, മഴ കുറയുമ്പോൾ കടുത്ത വരൾച്ച. ഇത് അപകടകരം 

• *ക്വാറികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളോട് ചേർന്ന പുല്ലുമേടുകളുടെ നാശം ആശങ്കാജനകം. 100 ഇനം പുല്ലിനങ്ങളാണ് എടുത്തുപറയേണ്ടത്.

• അപൂർവയിനം ചിത്രശലഭങ്ങളുടെ സങ്കേതം.

• പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ളതാണ്.

error: Content is protected !!