കടവനാൽകടവ് പാലത്തിൽ പരിശോധന തകരാർ പരിഹരിക്കാൻ ഉടൻ നടപടിയെന്ന് മന്ത്രി വാസവൻ

•  മന്ത്രി വി.എൻ.വാസവൻ കടവനാൽകടവ് പാലത്തിന്റെ ശോച്യാവസ്ഥയറിയാൻ സന്ദർശിച്ചപ്പോൾ

• സ്പാനുകൾ തെന്നിമാറിയ കടവനാൽകടവ് പാലത്തിന്റെ അടിയിൽനിന്നുള്ള ദൃശ്യം

ചേനപ്പാടി: പ്രളയത്തെ തുടർന്ന് സ്പാനുകൾ തെന്നിമാറി അപകടാവസ്ഥയിലായ മണിമലയാറ്റിലെ കടവനാൽകടവ് പാലത്തിൽ പൊതുമരാമത്ത് എൻജിനീയർമാർ പ്രാഥമിക പരിശോധന നടത്തി. പാലം വിഭാഗം കോട്ടയം ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ സിസിലി ജോസഫ്, ചങ്ങനാശ്ശേരി സെക്ഷൻ അസി.എൻജിനീയർ ഏലിയാമ്മ എന്നിവരാണെത്തിയത്. സ്പാൻ തെന്നിമാറിയതുമാത്രമാണ് പ്രശ്‌നമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സിസിലി ജോസഫ് അറിയിച്ചു. അടിത്തട്ടിലെ പടവുകൾ ഇടിഞ്ഞിട്ടുണ്ട്. പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമുണ്ടായിട്ടുണ്ടോയെന്നറിയാൻ ജലനിരപ്പ് താഴ്ന്നതിന് ശേഷമേ പരിശോധനയുണ്ടാവൂ. 

സ്പാനുകൾ ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിമാറ്റി യഥാസ്ഥാനത്ത് ഉറപ്പിക്കാനാവും. 2018-ലെ പ്രളയത്തിൽ തൃശ്ശൂർ ജില്ലയിൽ ചില പാലങ്ങൾ ഇത്തരത്തിൽ പുനഃസ്ഥാപിച്ച മാതൃകകളുണ്ടെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. 

രണ്ട് സ്പാൻ വിട്ടുമാറിയ നിലയിൽ

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കിത്തോടിനെയും എരുമേലി പഞ്ചായത്തിലെ ചേനപ്പാടിയെയും ബന്ധിപ്പിക്കുന്ന പാലത്തിലെ വിഴിക്കിത്തോടുനിന്ന് പ്രവേശിക്കുന്ന ഭാഗത്തെ രണ്ടാമത്തെ സ്പാനാണ് രണ്ടരയടിയോളം തെന്നിമാറിയത്. നാല് സ്പാനാണ് ആകെയുള്ളത്. മറ്റൊരു സ്പാൻ ഏതാനും ഇഞ്ച് തെന്നിമാറിയിട്ടുണ്ട്. 

പാലത്തിനടിയിൽ മുളങ്കാടും മരങ്ങളും അടിഞ്ഞപ്പോൾ സ്പാനിൽ അതിമർദ്ദത്തിൽ വെള്ളം തട്ടിയതുമൂലമാവാം തകരാറെന്നാണ് കരുതുന്നത്. 

പാലത്തിന്റെ ശോച്യാവസ്ഥയറിയാൻ മന്ത്രി വി.എൻ.വാസവൻ സന്ദർശനം നടത്തി. എം.എൽ.എ.മാരായ ഡോ. എൻ.ജയരാജ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാൻ ചീഫ് എൻജിനീയറോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അടുത്തദിവസം മുണ്ടക്കയത്ത് പാലങ്ങളുടെ തകരാർ വിലയിരുത്തുന്നതിനായി ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 

ബസ് സർവീസുകൾ മുടങ്ങി

പാലം തകരാറിലായതോടെ വലിയവാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഇതുവഴിയുണ്ടായിരുന്ന 12 ബസും നിലച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എരുമേലിക്കുള്ള ബസുകൾ പാലത്തിന്റെ ഇക്കരെയെത്തി സർവീസ് നിർത്തുകയാണ്. അവിടെനിന്ന് ചേനപ്പാടിയിലേക്ക് ആൾക്കാർ രണ്ടരക്കിലോമീറ്റർ നടന്നാണിപ്പോൾ യാത്ര.

error: Content is protected !!