വീടിന്റെ മുകളിൽനിന്ന് കയറിൽതൂങ്ങി വെള്ളത്തിന് മുകളിലൂടെ രക്ഷപ്പെടൽ
കയറിൽതൂങ്ങി വീടിന്റെ മുകൾനിലയിൽനിന്ന് രക്ഷപ്പെട്ട അനുഭവം വിവരിക്കുന്ന മറ്റയ്ക്കാട്ട് ഗോപാലകൃഷ്ണൻ നായരും ഭാര്യ പദ്മകുമാരിയും
75 വയസ്സുള്ള ചേനപ്പാടി മറ്റയ്ക്കാട്ട് ഗോപാലകൃഷ്ണൻ നായർക്കും ഭാര്യ പദ്മകുമാരിക്കും ഭീതിയൊഴിഞ്ഞിട്ടില്ല, ഇപ്പോഴും. വീടിന്റെ താഴത്തെനില മുങ്ങി. മുകൾനിലയിൽ അഭയം പ്രാപിച്ചു.
മണിമലയാറേത് പറമ്പേത് എന്ന് തിരിച്ചറിയാനാവാത്തവിധം വെള്ളം. നാട്ടുകാർ രണ്ടാംനിലയിലെ ഗ്രിൽ പൊളിച്ച് അതുവഴി കയറിൽ ട്യൂബ് കെട്ടി കപ്പിയും കയറും ഉപയോഗിച്ചാണ് ഇവരെയും മറ്റ് കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തിയത്.
ട്യൂബിൽ കൈകൾ കോർത്ത് അൻപതുമീറ്ററോളം കയറിൽതൂങ്ങിയാണ് ഇവരെ പുറത്തെത്തിച്ചത്.
പദ്മകുമാരിയുടെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടിരിക്കുകയായിരുന്നു. ആ വേദനയെല്ലാം മറന്നാണ് ട്യൂബിൽ തൂങ്ങി താഴേക്കെത്തിയത്. മകൻ പ്രദീപ് ജി.നായരും ഭാര്യ ഹൃദയയും അയലത്തെ കുട്ടികളായ ഗായത്രിയും ഗോകുലും ഈ വീട്ടിൽ തന്നെയായിരുന്നു.