പ്രളയക്കെടുതി: പശുക്കൾക്ക് 30000, തൊഴുത്തിന് 50000 നഷ്ടപരിഹാരം -മന്ത്രി ചിഞ്ചുറാണി
ക്ഷീരകർഷകർക്കും സഹായം
പ്രളയത്തിൽ മൃഗസംരക്ഷണ, ക്ഷീര വികസന മേഖലയിലുണ്ടായ നഷ്ടങ്ങൾക്കുള്ള സാന്പത്തിക സഹായം ഉടൻ നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പശുക്കൾ നഷ്ടപ്പെട്ടവർക്ക് ഒരു പശുവിന് 30000 രൂപയും കിടാരിയ്ക്ക് 15000 രൂപയും കോഴിക്ക് 200 രൂപവീതവും നൽകും.
തൊഴുത്ത് പൂർണമായും നഷ്ടമായവർക്ക് 50000 രൂപയും ഭാഗികമായി നാശമുണ്ടായവർക്ക് 15000 രൂപമുതൽ 20000 രൂപവരെയുമാണ് സഹായം. കാലിത്തീറ്റ ഒരു പശുവിന് 70 രൂപ നിരക്കിൽ വിതരണംചെയ്യും. വെള്ളപ്പൊക്കസമയത്ത് പാൽ ക്ഷീരസംഘങ്ങളിലെത്തിക്കാൻ കഴിയാത്തവർക്കും മിൽമയിൽ പാലെത്തിക്കാൻ കഴിയാത്ത ക്ഷീരസംഘങ്ങൾക്കും നഷ്ടമായ പാലിന്റെ 40 ശതമാനവും നഷ്ടപരിഹാരമായി കൊടുക്കും.
സംസ്ഥാനത്ത് 91 ഉരുക്കൾ, 42 ആടുകൾ, 25032 കോഴികൾ, 274 തൊഴുത്തുകൾ, 29 കോഴിക്കൂടുകൾ, അഞ്ചുലക്ഷം രൂപയുടെ കാലിത്തീറ്റ എന്നിവ നഷ്ടപ്പെട്ടെന്നാണ് പ്രാഥമികവിലയിരുത്തൽ.
ജില്ലാതലത്തിൽ ദുരന്തനിവാരണവകുപ്പിൽനിന്നുള്ള സഹായധന വിതരണത്തിന് അപേക്ഷ ക്ഷണിക്കാനും കർഷകർക്ക് സമയബന്ധിതമായി എത്തിക്കാനും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പ്രളയത്തിൽ നഷ്ടങ്ങൾ ഉണ്ടായ കർഷകർ അതത് പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സർജന്റെ ഓഫീസിലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക് തലത്തിലെ ഓഫീസിലോ പത്തുദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.