അതിജീവനത്തിന്റെ പാതയില്‍ കൂട്ടിക്കലും കൊക്കയാറും
കൂട്ടിക്കല്‍: കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലയില്‍ പ്രളയദുരന്തത്തിന് ഒരാഴ്‌ചയെത്തുമ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ് നാട്. ആറു മണിക്കൂര്‍ നീണ്ട മഴ അവസാനിക്കുമ്പോള്‍ ഒരു നാടിനെയാകെ വിഴുങ്ങിയ കാഴ്‌ചകളാണ് അവശേഷിക്കുന്നത്. ദുരന്തത്തിന്റെ ഭീകരത ഇപ്പോഴും മായുന്നില്ല. ശുചീകരണത്തിനിടയിലും ഏവരുടെയും സംസാരവും അതുതന്നെ. ജില്ലയില്‍ കാവാലി, പ്ലാപ്പള്ളി, ഇളംകാട് എന്നിവിടങ്ങളിലാണ് പ്രിയപ്പെട്ടവരുടെ ഉയിരെടുത്ത ദുരന്തം. മാക്കോച്ചി, പൂവഞ്ചി തുടങ്ങിയ സ്‌ഥലങ്ങളിലും പത്തോളം പേരുടെ ജീവന്‍ ഉരുള്‍ കവര്‍ന്നെടുക്കുകയായിരുന്നു. കുരുന്നുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ചേതനയറ്റ ശരീരം മണ്ണില്‍ പുതുഞ്ഞു കിടക്കുന്ന കാഴ്‌ച ഇപ്പോഴും നൊമ്പരത്തോടെയാണ് നാട്ടുകാര്‍ വിവരിക്കുന്നത്.
പുല്ലകയാറിന്റെ തീരത്ത് താമസിക്കുന്ന പലരുടെയും വീടും, വസ്‌ത്രങ്ങളും, ഗൃഹോപകരണങ്ങളും, കരുതിവച്ചിരുന്ന സ്വത്തുക്കളുമെല്ലാം പ്രളയം കവര്‍ന്നെടുത്തു. ചെളി നിറഞ്ഞിരിക്കുന്ന വീടുകള്‍ വൃത്തിയാക്കുകയും വസ്‌ത്രങ്ങള്‍ കഴുകിയെടുക്കുകയുമാണിവര്‍. കൂട്ടിക്കല്‍ നഗരത്തിലെ കടകളും വീടുകളും പൂര്‍ണമായും തകര്‍ന്നടിഞ്ഞു. കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസും കഴുകി വൃത്തിയാക്കുകയാണ്. വിവിധ സംഘടന പ്രവര്‍ത്തകരും ബന്ധുക്കളുമെത്തിയാണ് വീടുകള്‍ വൃത്തിയാക്കാന്‍ പ്രദേശവാസികളെ സഹായിക്കുന്നത്. സന്നദ്ധ സംഘടനകള്‍ കൊണ്ടു വരുന്ന ഭക്ഷണവും വസ്‌ത്രങ്ങളുമാണ് പലര്‍ക്കും ആശ്വാസമാകുന്നത്. ദൂരസ്‌ഥലങ്ങളില്‍ നിന്നും പോലും യുവാക്കള്‍ ശുചീകരണത്തിനെത്തുന്നു. ശുചീകരണത്തിനെത്തുന്നവരെ നന്ദിയോടെ നാട്ടുകാര്‍ യാത്രയാക്കുന്ന കാഴ്‌ചയും കാണാം.
ഉള്‍പ്രദേശങ്ങളിലെ റോഡും പാലങ്ങളും തകര്‍ന്നു കിടക്കുന്നതിനാല്‍ ചിലയിടങ്ങള്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. മല മുകളിലുള്ള വീടുകളില്‍ ചെന്നത്തൊന്‍ ഏറെ ബുദ്ധിമുട്ടാണ്. ദദ്രുതകര്‍മസേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ടൗണ്‍ മേഖലയില്‍ ഇതിനോടകം വൈദ്യുതിയെത്തിച്ചു. നഷ്‌ടമായ വീടുകളുടെയും മറ്റ് കണക്കുകള്‍ റവന്യൂ വകുപ്പ് ശേഖരിക്കുന്നുണ്ട്. മന്ത്രി വി.എന്‍. വാസവന്‍ ഇന്നലെയുമെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തകര്‍ന്നു കിടക്കുന്ന വൈദ്യുതിത്തൂണുകള്‍ക്ക് പകരം പുതിയവ സ്‌ഥാപിക്കുകയാണ് ജീവനക്കാര്‍. സപ്ലൈകോ മൊബൈല്‍ യൂണിറ്റുകള്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും യുവജനപ്രസ്‌ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്ന് നാടിനെ പൂര്‍വസ്‌ഥിതിയിലെത്തിക്കാന്‍ കഠിനപ്രയത്‌നത്തിലാണ്. കൂട്ടിക്കല്‍, കൊക്കയാര്‍, ഇളംകാട് ഗ്രാമങ്ങള്‍ക്ക് ആശ്വാസമായി സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് സഹായങ്ങളെത്തുന്നുണ്ട്.