കുത്തൊഴുക്കില്‍ ചേനപ്പാടിക്കാര്‍ക്ക്‌ നഷ്‌ടമായത്‌ ജീവിതം

എരുമേലി: മിന്നല്‍ പ്രളയമുണ്ടായി അഞ്ചു നാള്‍ കഴിഞ്ഞിട്ടും സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ ചേനപ്പാടി നിവാസികള്‍. വീടുകള്‍ തകര്‍ന്നതും തകരാത്ത വീടുകളില്‍ ചെളിനിറഞ്ഞു കിടക്കുന്നതുമാണു കാരണം. എരുമേലി പഞ്ചായത്തിലെ 2, 3 വാര്‍ഡുകളിലായുള്ള മേഖലയില്‍ മൂന്ന്‌ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ചേനപ്പാടി വേലംപറമ്പില്‍ മോഹന്‍ദാസ്‌, കൊല്ലപറമ്പില്‍ മിനിമോള്‍ സഹദേവന്‍, തുണ്ടത്തില്‍കോളനിയില്‍ വണ്ടന്‍പുറത്ത്‌ അമ്മിണി എന്നിവരുടെ വീടുകളാണു തകര്‍ന്നത്‌.
ചേനപ്പാടി, കിഴക്കേക്കര വാര്‍ഡുകളില്‍ 72 വീടുകളില്‍ വെള്ളം കയറി. ഇലക്ര്‌ടിക്‌ ഉപകരണങ്ങളും, ഫര്‍ണിച്ചറുകളും വസ്‌ത്രങ്ങളും ആധാരം തിരിച്ചറിയല്‍ രേഖകള്‍ എല്ലാം നഷ്‌ടമായി. വീടുകളിലും മുറ്റത്തും ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ വാസയോഗ്യമല്ല. ജീവിതത്തിലെ സമ്പാദ്യമെല്ലാം ഒറ്റയടിക്ക്‌ നഷ്‌ടപ്പെട്ടതോടെ മേഖലയിലുള്ളവരുടെ ജീവിതം ദുസഹമാണ്‌. എസ്‌. എന്‍. ഡി. പി. പടിയിലുള്ള സിയാദിന്റെ ഉടമസ്‌ഥയിലുള്ള സിയാ അച്ചാര്‍ കമ്പനിയില്‍ വെള്ളം കയറി ലക്ഷകണക്കിന്‌ രൂപയുടെ നാശനഷ്‌ടമുണ്ടായി. കിഴക്കേക്കര മേഖലയില്‍ എട്ടു കടകളും വെള്ളം കയറി നശിച്ചു. പഞ്ചായത്തംഗങ്ങളായ ടി. വി. ഹര്‍ഷന്‍, പി. കെ. തുളസി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്‌. 
ചേനപ്പാടി കടവനാക്കടവ്‌ പാലം അപകടാവസ്‌ഥയിലായതോടെ ഗതാഗതം നിരോധിച്ചു. സമീപന റോഡില്‍ നിന്നും പാലത്തിന്റെ സ്‌പാന്‍ തെന്നി മാറിയിരിക്കുകയാണ്‌.. എരുമേലി -കരിമ്പിന്‍തോട്‌ സമാന്തരപാതയില്‍ ഓരുങ്കല്‍ കോസ്‌വേയിലും കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ വന്നടിഞ്ഞതോടെ ഗതാഗതം നിലച്ചു. അനുബന്ധ റോഡും ചെളി നിറഞ്ഞു കിടക്കുകയാണ്‌.

error: Content is protected !!