അടച്ചിട്ട കലാലയങ്ങൾ വീണ്ടും തുറന്നു;

∙ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾ അടക്കമുള്ള കലാലയങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ തുറന്നു. 60 മുതൽ 70% വരെയായിരുന്നു ഹാജർ. ക്ലാസുകൾ സുഗമമായി നടന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കേരള സർവകലാശാലയ്ക്കു കീഴിലെ ചില കോളജുകളിൽ പരീക്ഷകൾ നടക്കുന്നതിനാൽ പൂർണതോതിൽ ക്ലാസ് ആരംഭിച്ചിട്ടില്ല.

അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ട ശേഷം തുറന്ന കലാലയങ്ങളിൽ നവാഗത വിദ്യാർഥികളെ വരവേൽക്കാൻ വിദ്യാർഥി സംഘടനകൾ സ്ഥാപിച്ച കമാനങ്ങളും ബോർഡുകളും കാണാമായിരുന്നു. കോവിഡ് മാനദണ്ഡം കർശനമായും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും തീവ്രമഴയുടെ അന്തരീക്ഷമുള്ളതിനാൽ ജാഗ്രത വേണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.

ചോദിച്ചു ചോദിച്ച് പോകാം: നവാഗതരെ സ്വാഗതം ചെയ്യാനെത്തിയ വിദ്യാർഥി സംഘടനാ നേതാക്കൾ വിദ്യാർഥിനിക്ക് ക്ലാസിലേക്കുള്ള വഴി കാട്ടിക്കൊടുക്കുന്നു. കോട്ടയം ബസേലിയസ് കോളജിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ ∙ മനോരമ
ചോദിച്ചു ചോദിച്ച് പോകാം: നവാഗതരെ സ്വാഗതം ചെയ്യാനെത്തിയ വിദ്യാർഥി സംഘടനാ നേതാക്കൾ വിദ്യാർഥിനിക്ക് ക്ലാസിലേക്കുള്ള വഴി കാട്ടിക്കൊടുക്കുന്നു. കോട്ടയം ബസേലിയസ് കോളജിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ ∙ മനോരമ

18 വയസ്സ് തികയാത്തതു കൊണ്ട് വാക്‌സീനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സീനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കാനാണു നിർദേശം. എന്നാൽ, ഇവരുടെ വീടുകളിലെ 18 തികഞ്ഞവർ ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തുവെന്ന് ഉറപ്പാക്കണം. വിമുഖത മൂലം വാക്‌സീനെടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കലാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ കൊണ്ടുവന്നവർ കൈ ഉയർത്തണമെന്ന അധ്യാപികയുടെ നിർദേശത്തോടു പ്രതികരിച്ച് വിദ്യാർഥിനികൾ. കോട്ടയം ബിസിഎം കോളജിൽ നിന്നുള്ള കാഴ്ച.   ചിത്രം : മനോരമ
പുസ്തകങ്ങൾ കൊണ്ടുവന്നവർ കൈ ഉയർത്തണമെന്ന അധ്യാപികയുടെ നിർദേശത്തോടു പ്രതികരിച്ച് വിദ്യാർഥിനികൾ. കോട്ടയം ബിസിഎം കോളജിൽ നിന്നുള്ള കാഴ്ച. ചിത്രം : മനോരമ 

ദേ… അതാണ്  കോളജ് 

അതിരമ്പുഴയിലാണു വീട്. അഡ്മിഷനു വേണ്ടി മാത്രമാണ് കോളജിൽ പോയത്. ഒരു മാസം മുൻപ് ഓൺലൈൻ ക്ലാസ് തുടങ്ങി. കോളജിനു മുന്നിലൂടെ വണ്ടിയിൽ പോകുമ്പോൾ ബന്ധുക്കളെ കാണിച്ചു കൊടുക്കും– ദാ ഇതാണെന്റെ കോളജ്. അവിടേക്ക് വിദ്യാർഥിയായി ചെന്നു കയറി. ഞങ്ങൾ മാത്രമല്ല സീനിയേഴ്സും ഇന്നാണ് ആദ്യമായി കോളജ് കാണുന്നത്. ∙തഹ്സീന നഹാസ്,ബിഎ ഇംഗ്ലിഷ് ഒന്നാം വർഷം, ബികെ കോളജ്, അമലഗിരി. 

അകലമേറെയെങ്കിലും അടുത്തുതന്നെ

ഒരു ബെഞ്ചിൽ 2 പേർ മാത്രം. അകലെ ഇരുന്നു മാത്രം കണ്ട അധ്യാപകരും സുഹൃത്തുക്കളും തൊട്ടരികിലുണ്ട്. എങ്കിലും കോവിഡ് മാനദണ്ഡം സൃഷ്ടിക്കുന്ന വേലിക്കെട്ടുണ്ട്. ക്യാംപസ് വർണാഭമാണ്. ∙അൻസാഫ് ഷെഫി,ബികോം, ഒന്നാം വർഷം, കെഇ കോളജ്, മാന്നാനം.

ഈ മാസ്ക്കെന്റയ്യോ…

തുടർച്ചയായി മാസ്ക് ധരിച്ച് ഇരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. മാസ്ക് ധരിച്ച് പടി കയറാൻ ബുദ്ധിമുട്ടാണ്. നല്ല ചൂടുള്ള സമയത്ത് പൂർണമായും മാസ്ക് ധരിച്ചിരുന്ന് പഠിക്കാൻ പ്രയാസമാണ്. ഫാനുള്ളതാണ് ആശ്വാസം. കറന്റെങ്ങാനും പോയാൽ..!! ∙മാർട്ടിൻ ജോസഫ്, ബിഎ ഇക്കണോമിക്സ്, ഒന്നാം വർഷം,സെന്റ് സേവ്യേഴ്സ് കോളജ്, കൊതവറ,

ആകാംക്ഷയുടെ ദിവസം 

കോളജ് ജീവിതത്തിലേക്ക് ആദ്യമായി എത്തിയത് ആകാംക്ഷയോടെയും പരിഭ്രമത്തോടെയുമാണ്. ക്യാംപസിലെ സൗഹൃദാന്തരീഷം ആശങ്ക മാറ്റി. ഓൺലൈനിലൂടെ മാത്രം പരിചയമുള്ള അധ്യാപകരെയും കൂട്ടുകാരെയും നേരിട്ടു കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ∙ അന്നു മരിയ തോമസ്, എംഎ ഇംഗ്ലിഷ്, ഒന്നാം വർഷം,സെന്റ് ജോർജ് കോളജ് അരുവിത്തുറ.

നഷ്ടാന്നേ ഇതെല്ലാം 

ആദ്യമായി കോളജിൽ എത്തിയപ്പോൾ അധ്യാപകരുടെയും കൂട്ടുകാരുടെയും സ്വാഗതപ്പുഞ്ചിരി മാസ്ക്കിനു പിന്നിൽ മറഞ്ഞു. ഓരോ വിജയത്തിലും ചേർത്തുപിടിച്ച കൈകൾക്ക് അകലത്തിന്റെ താൽക്കാലിക വിലക്ക്. മനസ്സു തുറന്ന് എല്ലാം പറയുന്ന സൗഹൃദങ്ങളും പങ്കിട്ട ഉച്ചഭക്ഷണവും അന്യമാകുന്നു. വരാനിരിക്കുന്ന കാലം അകലം കുറയ്ക്കുമെന്നു പ്രതീക്ഷിക്കാം.∙ റോസ് മെറിൻ ജോജോ, ബിഎ മലയാളം ഒന്നാം വർഷം, ദേവമാതാ കോളജ്, കുറവിലങ്ങാട്.

കൂടു തുറന്നുവിട്ടു

കൂടു തുറന്നു വിട്ട കിളിയുടെ അവസ്ഥയായിരുന്നു. ബസിൽ  വച്ചു തന്നെ കൂട്ടുകാരെ പരിചയപ്പെട്ടാണ് ആദ്യമായി കോളജിലേക്കു പോയത്. കോളജ് ഗേറ്റിനു മുന്നിലെത്തിയപ്പോൾ പുതിയൊരു ലോകത്തേക്ക് എത്തിയ സന്തോഷം. ∙ ടി.എസ്.അനന്തലക്ഷ്മി, ബിഎസ്‌സി ഫിസിക്സ് ഒന്നാം വർഷം, സെന്റ് മേരീസ് കോളജ്, മണർകാട്. 

അടിച്ചുപൊളി നടക്കുമോ ആവോ

പത്തു ദിവസത്തെ ഓൺലൈൻ ക്ലാസുകൾക്കു ശേഷമാണു കോളജിൽ നേരിട്ടെത്തുന്നത്. അധ്യാപകരോടു സംശയങ്ങൾ ചോദിക്കുന്നതിനുൾപ്പെടെ, നേരിട്ടുള്ള ക്ലാസുകൾ തന്നെയാണു നല്ലത്. കോളജ് ഫെസ്റ്റ് പോലെ ആഘോഷങ്ങൾ നഷ്ടമാകുമോയെന്നു ചെറിയ പേടിയുണ്ട്.∙എസ്.ജയലക്ഷ്മി, എം.ഗൗരിനന്ദന,ബിഎസ്‌സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ഒന്നാം വർഷം, ബിസിഎം കോളജ്, കോട്ടയം 

വിരസമീ യാത്ര

അകലം വില്ലനായതോടെ വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഒരു മണിക്കൂർ മൗനവ്രതം പോലെ യാത്ര വിരസമായി. ചാത്തൻതറയിൽ നിന്ന് എരുമേലിയിൽ എത്തി മൂന്നു ബസുകൾ കയറിയിറങ്ങിയാണ് കോളജിൽ എത്തുന്നത്. ∙ മെഹൽ എൽസ സജി,വിദ്യാർഥിനി,ശ്രീ ശബരീശ കോളജ്, മുരിക്കുംവയൽ.

ഒന്നു പരിചയപ്പെട്ടേക്കാം 

ഒന്നര വർഷം വീട്ടിലിരുന്നുള്ള പഠനത്തിനു ശേഷം കോളജിൽ എത്തിയപ്പോൾ പുതിയ ലോകത്തേക്ക് എത്തിയ പ്രതീതി. ഒരു മാസം മുൻപ് ക്ലാസ് തുടങ്ങിയെങ്കിലും കൂട്ടുകാരെ നേരിൽ കാണാനായില്ല. കോളജിൽ എത്തിയ ഉടൻ പരിചയപ്പെടലിന്റെ തിരക്കായിരുന്നു. ഇപ്പോൾ മനസ്സു നിറയെ സന്തോഷം. ∙ മീഖൾ സൂസൻ മോൻസി,ബികോം ഒന്നാം വർഷം,കെജി കോളജ്, പാമ്പാടി.

 പേടിയാണോ സന്തോഷമാണോ… ആ….. 

ക്ലാസിൽ വന്ന നിമിഷം പേടിയും സന്തോഷവും ഒരുപോലെ മിന്നി മറഞ്ഞു. ഇനിയുള്ള ദിവസങ്ങൾ എല്ലാവരുമൊത്തുള്ള സുന്ദരമായ നിമിഷങ്ങളും പഠനവും സാധ്യമാകട്ടെയെന്ന് ആഗ്രഹിക്കുന്നു .∙ ആരതി കെ. ബൈജു ബിടിടിഎം, ഒന്നാം വർഷം,എസ്എൻ കോളജ്,കുമരകം.

പുതിയ ലോകം, ശീലമാകണം 

കാണാത്ത സ്ഥലത്തേക്ക്, അപരിചിതരായ ആളുകളുടെ മധ്യത്തിലേക്കു വരുന്നതിന്റെ പരിഭ്രമം എല്ലാവരിലുമുണ്ട്. രണ്ടു വർഷം ഓൺലൈൻ ക്ലാസായിരുന്നു. പുതിയ ശൈലിയിലേക്കു മാറുന്നതിന്റെ അസ്വസ്ഥതയും ബുദ്ധിമുട്ടും എല്ലാ കുട്ടികളിലും ഉണ്ടായിരുന്നു. ശീലമായി വരണം. ∙ ആദിത്യ ആർ. വാരിയർ,ബികോം ഒന്നാം വർഷം, എൻഎസ്എസ് കോളജ്, പെരുന്ന. 

ഇതു വഴിമാറിയോട്ടം 

പഠനം ഓൺലൈനാണെങ്കിലും ഓഫ് ലൈനാണെങ്കിലും ലക്ഷ്യമാണ് പ്രധാനം. ക്ലാസ് മുറികൾ വീണ്ടും സജീവമായപ്പോൾ ഗുണപരമായ മാറ്റമുണ്ട്. വീണ്ടും ഓൺലൈൻ ക്ലാസിന്റെ സാഹചര്യം എത്തിയാൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ആശങ്ക വരില്ല. ∙ ജോയൽ സിബി ഫിലിപ് ബികോം ഒന്നാം വർഷം,സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ.

പഴയ ഓളമില്ല 

കന്റീൻ തുറന്നു. വിദ്യാർഥികൾ എത്തിയെങ്കിലും ദീർഘ കാലത്തെ ഇടവേളയും വിദ്യാർഥികൾ തമ്മിലുള്ള പരിചയക്കുറവുമെല്ലാം കാരണം ‍ പഴയ ഓളമില്ല. കോവിഡ് നിയന്ത്രണമുണ്ട്. മുൻപത്തെ പോലെ കുട്ടികൾ വരുന്നില്ല. ആദ്യം ദിനം കുറച്ചു ഭക്ഷണമാണ് കരുതിയത്. ∙ അരുൺ സെബാസ്റ്റ്യൻ കന്റീൻ നടത്തിപ്പുകാരൻ ,സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി. 

അധ്യാപകർക്കും പ്രവേശനോത്സവം

വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായിരുന്നു കോളജും അധ്യാപകരും ജീവനക്കാരും. കൂടുതൽ ഒരുക്കം വേണ്ടിവന്നു. വിദ്യാർഥികളുടെ താപനില പരിശോധിച്ചു. സാനിറ്റൈസർ നൽകി.  മാസ്ക് ഉറപ്പാക്കി. അധ്യാപകർ ഓരോ ക്ലാസിലും വിദ്യാർഥികൾക്കു ബോധവൽക്കരണം നൽകി. രക്ഷിതാക്കൾക്കായി ഇരിപ്പിടം ഒരുക്കിയിരുന്നു. -ഡോ. ആർ.പ്രഗാഷ്, പ്രിൻസിപ്പൽ, ഗവ. കോളജ്, നാട്ടകം

error: Content is protected !!