KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അത്ര പെട്ടെന്ന് ഒരുങ്ങില്ല സ്കൂൾബസുകൾ….ഫിറ്റ്‌നസ്‌ പരിശോധിച്ചത്‌ നാലിലൊന്ന ്‌ബസുകൾ മാത്രം

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങിയെങ്കിലും ബസുകൾ മോട്ടോർ വാഹനവകുപ്പിന് മുന്നിൽ എത്തിക്കാൻ കഴിയാതെ സ്‌കൂളുകൾ. ഒന്നര വർഷത്തിലേറെയായി ഷെഡ്ഡുകളിൽ കിടക്കുന്ന ബസുകൾ പൊടിതട്ടിയെടുത്ത് നന്നാക്കിയെടുക്കാനുള്ള ഓട്ടത്തിലാണവർ. 

നട്ടം തിരിഞ്ഞ് 

19 മാസമായി ഓടാതിരുന്ന വാഹനങ്ങൾ പൂർണ സജ്ജമായി സർവീസ് നടത്താൻ ഭാരിച്ചതുക വേണ്ടിവരുന്നതാണ് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നത്. ഒരുവാഹനത്തിന് പെയിന്റിങ് ഉൾപ്പെടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒന്നരലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇത്രയും തുക കണ്ടെത്താനാകാതെ കുഴയുകയാണ് സ്‌കൂൾ അധികൃതർ. ജില്ലയിൽ ആയിരത്തിലേറെ സ്‌ക്കൂൾ ബസ്സുകൾ ഉണ്ട്‌. 

മോട്ടോർവാഹനവകുപ്പധികൃതർ സ്‌ക്ൂൾ ബസ്സുകളുടെ പരിശോധനക്ക്‌ തീയതി നിശ്‌ചയിച്ചെങ്കിലും ജില്ലയിൽ ആകെയുള്ള ബസ്സുകളുടെ നാലിലൊന്ന്‌ മാത്രമാണ്‌ പരിശോധനക്കായി വന്നതെന്ന്‌ മോട്ടോർ വാഹനവകുപ്പധികൃതർ പറയുന്നു. 

സബ് ആർ.ടി.ഓഫീസുകൾ കേന്ദ്രീകരിച്ച് എം.വി.ഐ.മാരാണ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്. കർശന പരിശോധനയാണ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാര്യത്തിൽ നടത്തുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്താനാകില്ല. 

വർക്ക്‌ഷോപ്പിലും തിരക്ക് 

അറ്റകുറ്റപ്പണിക്ക് എത്തുന്ന സ്‌കൂൾ ബസുകളുടെ എണ്ണം വർധിച്ചതായി വർക്ക് ഷോപ്പ് ഉടമകൾ പറയുന്നു. ദീർഘകാലമായി ഓടാതിരുന്ന വാഹനങ്ങളായതിനാൽ ബാറ്ററി, ടയറുകൾ എന്നിവയ്ക്കായിരിക്കും പ്രധാനമായും തകരാറുകൾ. എങ്കിലും എൻജിൻ ഉൾപ്പെടെയുള്ളവ പരിശോധനയ്ക്ക് വിധേയമാക്കണം. ബസുകൾ നിരത്തിലിറക്കാൻ വൻതുക ചെലവുവരും.

ആശങ്കയിൽ സ്‌കൂളുകൾ

സ്‌കൂൾ ബസുകളിൽ കുട്ടികളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സ്‌കൂൾ അധികൃതരെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നുണ്ട്. ഒരുസീറ്റിൽ ഒരുകുട്ടി മാത്രം എന്ന നിർദേശം അപ്രായോഗികമാണെന്നും അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നും സ്‌കൂൾ അധികൃതർ പറയുന്നു. മാത്രമല്ല 2020 ഏപ്രിൽ ഒന്നു മുതൽ അൺ് എയ്‌ഡഡ്‌ സ്‌ക്കൂൾ ബസ്സുകളുെട ടാക്‌സ്‌ വർധിപ്പിച്ചു. അധികം ബസ്സുകൾ ഓടിക്കേണ്ടെന്ന നിലപാടിലാണ്‌ അവർ.

അൺഎയ്ഡഡ് സ്കൂളുകൾ ഒാൺലൈൻ,ഒാഫ് ലൈൻ എന്നിവയിൽ ഏത് ക്ലാസ് വേണമെന്ന് ചോദിക്കുന്നുണ്ട്. ബസുകൾ ഓടിക്കുന്നില്ലെന്ന്‌ മിക്ക അൺഎയ്‌ഡഡ്‌ സ്‌ക്കൂൾ അധികൃതരും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്‌.സ്‌കൂൾ ബസുകളിൽ പാലിക്കേണ്ടത് 

: ബസിൽ പ്രവേശിക്കുന്ന കുട്ടിയുടെ ശരീരോഷ്മാവ് തെർമൽ സ്‌കാനർ ഉപയോഗിച്ച് ഡോർ അറ്റൻഡർ പരിശോധിക്കണം. മാസ്‌ക് നിർബന്ധം. പനിയോ ചുമയോ മറ്റേതെങ്കിലും രോഗലക്ഷണമോ ഉള്ളവർ യാത്രചെയ്യരുത്. ഒരു സീറ്റിൽ ഒരുകുട്ടി മാത്രം. നിന്നുള്ള യാത്ര പാടില്ല. വാഹനത്തിൽ എ.സി. അനുവദനീയമല്ല. ദിവസവും വാഹനം അണുനശീകരണം നടത്തണം.

error: Content is protected !!