കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ മണ്ണിടിച്ചിലിന് സാധ്യത : ശക്തമായ മഴയുള്ളപ്പോൾ കുന്നിൻ ചരിവുകളിലെ താമസക്കാരെ നിർബന്ധമായും മാറ്റിത്താമസിപ്പിക്കണമെന്ന് ജിയോളജി വകുപ്പിന്റെ നിർദേശം
കാഞ്ഞിരപ്പള്ളി: പട്ടണത്തിന് സമീപത്തായുള്ള ഏറ്റവും ഉയർന്ന പ്രദേശമായ വട്ടകപ്പാറ മേഖലയിൽ ശക്തമായ മഴപെയ്താൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ. പ്രദേശത്ത് കഴിവതും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാതിരിക്കുക, മണ്ണിളക്കിയുള്ള കൃഷി പാടില്ല തുടങ്ങിയ നിർദേശങ്ങളും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പരിശോധന റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസത്തെ മഴയിൽ വട്ടകപ്പാറ പിച്ചകപ്പള്ളിമേട് മേഖലയിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ പൂർണമായി തകരുകയും നിരവധി വീടുകൾ മണ്ണിടിഞ്ഞ് അപകട ഭീഷണിയിലാവുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഏതുസമയത്തും വീടുകൾ നിലംപൊത്താവുന്ന സ്ഥിതിയിലുമാണ്. അപകട ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. പ്രദേശവാസിയായ ബാബു പൂതക്കുഴിയുടെ വീടിന് സമീപത്തെ പാറയിൽ വിള്ളൽ വീണുവെന്നും പാറ തകർന്ന് താഴേക്ക് പതിക്കുമെന്നുമുള്ള പരാതിയും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ജിയോളജി വകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയത്. ശക്തമായ മഴയുള്ളപ്പോൾ കുന്നിൻ ചരിവുകളിലെ താമസക്കാരെ നിർബന്ധമായും മാറ്റിത്താമസിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് തഹസിൽദാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
മറ്റ് പ്രധാന നിർദേശങ്ങൾ
• അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ വീട് നിർമാണത്തിന് ലഭിക്കുന്ന അപേക്ഷകൾ വിശദമായ പഠനത്തിന് ശേഷം പരിഗണിക്കുക.
• പ്രദേശത്ത് റബ്ബർ പോലുള്ള വിളകൾ പ്രോത്സാഹിപ്പിക്കരുത്.
• പൈനാപ്പിൾപോലെ അധികമായി മണ്ണിളക്കേണ്ട കൃഷികളും പാടില്ല.
• അനധികൃതമായും എൽ.എസ്.ജി.ഡിയുടെ അനുമതി ഇല്ലാതെയും കുന്നിൻ പ്രദേശങ്ങളിലെ മരങ്ങൾ മുറിക്കുന്നതും അശാസ്ത്രീയമായി കുഴികൾ നിർമിക്കുന്നതും തടയണം.
• സുഗമമായ വെള്ളമൊഴുകുന്നതിന് സംവിധാനവും റോഡ് നിർമാണത്തിലെ അപാകതകളും പരിഹരിക്കണം.