പൊൻകുന്നത്തെ പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാലുപേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു
പൊൻകുന്നം : കഴിഞ്ഞ വ്യാഴാഴ്ച പൊൻകുന്നത്ത് സമാപിച്ച പ്ലസ് ടു പരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നാല് അധ്യാപകർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ക്യാമ്പിൽ പങ്കെടുത്തവർ ആശങ്കയിലാണ്. ഹയർ സെക്കന്ററിയുടെ എട്ടോളം വിഷയങ്ങളുടെ മുന്നൂറോളം അധ്യാപകർ മൂല്യനിർണയം നടത്തുന്ന പൊൻകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഒരു വിഭാഗത്തിലെ അധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചത്. അതോടെ രോഗബാധിതരും, സമ്പർക്കമുള്ളവരും ക്വാറന്റൈനിൽ കഴിയുകയാണ് .
പേപ്പർ പരിശോധന നടത്തിയ അധ്യാപകർ തന്നെ അടുത്തദിവസം ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിപ്പിക്കാനായി എത്തേണ്ടതുണ്ട് . . ഇത് അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്കയേറ്റുന്നു. ഒരു ആഴ്ച കഴിഞ്ഞാലെ മറ്റ് അധ്യാപകർക്കും കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധനയിൽ അറിയാൻ സാധിക്കു എന്നതിനാൽ ഏവരും ആശങ്കയിലാണ് . ക്യാമ്പിൽ എത്തിയ അധ്യാപകർ എല്ലാവരും രണ്ടുപ്രാവശ്യവും വാക്‌സിൻ സ്വീകരിച്ചവരാണ് . അതിനാൽ തന്നെ, രോഗം ഗുരുതരമാകാതെ മാറിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . സ്‌കൂളുകൾ ഒന്നാം തീയതി തുറക്കുന്നതിന് മുന്നോടിയായി ക്യാമ്പുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എട്ടാം തീയതി വീണ്ടും ക്യാമ്പ് ആരംഭിക്കും.