പൊട്ടിവന്ന ഉരുളിനെ തടഞ്ഞുനിർത്തിയ ജലസംഭരണി തകർച്ചയുടെ വക്കിൽ.
ഏയ്ഞ്ചൽ വാലി : ഇക്കാലമത്രയും നാട്ടുകാർക്ക് കുടിവെള്ളത്തിന് ആശ്രയമായിരുന്നു ആ ജലസംഭരണി. ഒടുവിൽ ഉരുൾപൊട്ടലിൽ പാറക്കല്ലുകൾ വന്നടിഞ്ഞ കുടിവെള്ളടാങ്ക് സംരക്ഷിച്ചുപിടിച്ചത് ഒട്ടേറെ ജീവനുകൾ.
എരുമേലി പഞ്ചായത്തിലെ 11-ാം വാർഡായ പമ്പാവാലി എഴുകുമണ്ണിലാണ് ഉരുളിനെ ഏറ്റുവാങ്ങിയ കൂറ്റൻ കുടിവെള്ളടാങ്ക്. കല്ലിടാംകുന്ന് മലയിൽനിന്ന് പൊട്ടിയൊലിച്ചെത്തിയ കല്ലുകളും ചെളിയും നിറഞ്ഞ ടാങ്ക് ഇല്ലായിരുന്നെങ്കിൽ തൊട്ടുതാഴെയുള്ള പുതിയത്ത് ജാൻസി ചെറിയാന്റെ വീട് തകർന്നടിയുമായിരുന്നു. ഒപ്പം അതിനും താഴെയുള്ള മറ്റ് 20 വീടുകൾക്കും നാശം നേരിടുമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ജാൻസിയും കുടുംബവും.
‘‘ഉച്ചയ്ക്കു മൂന്നുമണിയോടെ മഴ തുടങ്ങി. മക്കളായ ജെറിനും അലീനയും ഈ സമയം വീട്ടിലുണ്ടായിരുന്നു. കുറേനേരം കഴിഞ്ഞപ്പോഴാണ് വലിയ ശബ്‌ദംകേട്ടത്. പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീട്ടുമുറ്റത്തേക്ക് വെള്ളം കുതിച്ചെത്തുന്നു. നിറയെ പാറക്കല്ലുകൾ; ഇറങ്ങിയോടാൻപോലും വഴിയില്ലായിരുന്നു. വല്ലാതെ പേടിച്ചുപോയി’’-ദുരന്തത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട അനുഭവം ജാൻസി പറയുന്നു.
‘‘ജെറിൻ പുറത്തിറങ്ങി വെള്ളം വശത്തേക്ക് ഒഴുക്കിവിട്ടു. വീടിനകത്തെല്ലാം വെള്ളംകയറി. ഫോൺ ചെയ്‌തിട്ട് റേഞ്ച് കിട്ടുന്നില്ല. മഴ ഒന്നു കുറഞ്ഞപ്പോൾ അകലെയുള്ള വീട്ടുകാർ വഴിയിലെത്തി വീട്ടിൽനിന്ന് മാറണമെന്ന് വിളിച്ചുപറഞ്ഞു. മഴ കുറഞ്ഞതോടെയാണ് ശ്വാസം നേരെവീണത്.’’ വീട്ടിൽ താമസിക്കാനാകാത്ത സ്‌ഥിതിയായതോടെ ഭർത്താവിന്റെ സഹോദരൻ പുതിയത്ത് ജോസഫിന്റെ വീട്ടിലാണ് ഇപ്പോൾ ജാൻസിയും കുടുംബവുമുള്ളത്. പറമ്പിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ തകർന്നു. കുറേ റബ്ബർമരങ്ങളും നശിച്ചു. ജാൻസിയുടെ ഭർത്താവ് ചെറിയാൻ ഇക്കഴിഞ്ഞ മാർച്ചിലാണ് തേനീച്ചക്കുത്തേറ്റ് മരിച്ചത്.
ഏതുനിമിഷവും തകരാം വാട്ടർടാങ്ക്
രണ്ടരലക്ഷം ലിറ്റർ വെള്ളം കൊള്ളുന്നതാണ് കല്ലിടാംകുന്ന് പുതിയത്തുപടിയിലെ ജലസംഭരണി. വാർഡിലെ നൂറോളം വീട്ടുകാർക്ക് കുടിവെള്ളത്തിന് ആശ്രയം ഈ വാട്ടർടാങ്കാണ്. വലിയ കല്ലുകൾ നിറഞ്ഞ് വാട്ടർടാങ്ക് ഇപ്പോൾ പൊട്ടിത്തകരാവുന്ന നിലയിലാണ്. 20 വർഷം മുമ്പാണ് ഈ ജലസംഭരണി നിർമിച്ചത്.
ഇടയ്‌ക്ക് കുടിവെള്ളപൈപ്പുകൾ തകരാറിലായി ജലവിതരണം മുടങ്ങിയെങ്കിലും 2016-ൽ വിതരണം പുനഃസ്‌ഥാപിക്കുകയായിരുന്നു. ടാങ്കിൽ കല്ലുകൾ അടിഞ്ഞുകിടക്കുന്നതിനാൽ താഴ്‌ഭാഗത്ത് താമസിക്കുന്നവർ ഇപ്പോഴും ഭീതിയിലാണ്.
കല്ലുകൾ നീക്കാൻ പഞ്ചായത്ത് ഉടൻ നടപടിയെടുക്കണമെന്ന് സമീപവാസികൾ പറയുന്നു