കണ്ണീരുണങ്ങാതെ പമ്പാവാലിയും ഏയ്ഞ്ചൽവാലിയും
അരമണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ ഉരുൾപൊട്ടിയെത്തിയ മലവെള്ളപ്പാച്ചിലിന്. പക്ഷേ നാടനുഭവിച്ച ദുരിതത്തിന് കണക്കില്ല. ചെറിയ പൊയ്കത്തോടുകൾപോലും പുഴയ്ക്ക് സമമായി. കൂറ്റൻ കല്ലുകളുമായി മലയിറങ്ങിവന്ന വെള്ളം തീരത്തെ തച്ചുടച്ചു. 20-ൽപരം വീടുകളിലും, പത്തിലേറെ കടകളിലും വെള്ളംകയറി. കൃഷിനഷ്ടം ഏറെ.
ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളംകയറിയ വീടുകൾ സുരക്ഷിതമല്ലാത്തിനാൽ പത്ത് കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയംതേടി. ഏഴിൽപരം വീടുകൾ വാസയോഗ്യമല്ലാതായി. മൂക്കംപെട്ടി-ഏയ്ഞ്ചൽവാലി റോഡിൽ തിട്ടയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത് വെള്ളിയാഴ്ച സഞ്ചാരയോഗ്യമാക്കി. കൂനംപാലപ്പടി-ചേറ്റേപ്പടി റോഡ് സംരക്ഷണക്കെട്ട് തകർന്ന് അപകടാവസ്ഥയിലാണ്. ദുരിതബാധിതരെ സഹായിക്കാൻ നാട് ഒപ്പമുണ്ട്. നാട്ടുകാരും സംഘടനകളുമടക്കം ഒട്ടേറെ ആളുകളാണ് വെള്ളംകയറിയ വീടുകളും കടകളും വൃത്തിയാക്കി ദുരിതബാധിതർക്ക് അതിജീവനത്തിന്റെ കൈത്താങ്ങൊരുക്കുന്നത്.
നാടിന്റെ ഓർമയിൽ ആദ്യം…
ശബരിമല വനമേഖലയിലെ കല്ലിടാംകുന്ന്, ഇഞ്ചപ്പാറക്കോട്ട, ഉടുമ്പാറമല പ്രദേശങ്ങളുടെ താഴ്‌വരയാണ് എരുമേലി ഗ്രാമപ്പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലിയും ഏയ്ഞ്ചൽവാലിയും. വനമേഖലയിൽ ആറിടത്ത് ഉരുൾപൊട്ടലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. രണ്ട് വാർഡുകളിലായി വലുതും ചെറുതുമായ തോടുകളിലൂടെയും, വ്യക്തികളുടെ പുരയിടങ്ങളിലൂടെയുമായിരുന്നു മലവെള്ളപ്പാച്ചിൽ.
ഏയ്ഞ്ചൽവാലി-കേരളപ്പാറ തോട്, പള്ളിപ്പടി തോട്, എഴുകുംമൺ തോട്, പുതിയത്തുപടി തോട്, വളയത്ത് തോട് തുടങ്ങിയ ജലസ്രോതസ്സുകളിലൂടെ മലവെള്ളം ഒഴുകിയെത്തുകയായിരുന്നു.
പമ്പയും അഴുതയാറും കലിതുള്ളി പായുന്നത് ഒത്തിരി കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടൽ നാടിന്റെ ഓർമയിൽപോലും ആദ്യമെന്ന് സ്ഥലവാസി പുതിയത്ത് ജോസഫ് പറയുന്നു.