മൂന്ന് ജില്ലകൾ, രണ്ടാഴ്ചയ്ക്കിടെ 15 ഇടത്ത് 27 ഉരുൾപൊട്ടൽ

: രണ്ടാഴ്ചക്കിടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഉരുൾപൊട്ടലുണ്ടായത് 15 ഇടങ്ങളിൽ. ഈ മാസം 16 മുതലാണ് ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കി ഉരുൾപൊട്ടൽ തുടരുന്നത്.

കൂമ്പാരമേഘങ്ങൾ ഉണ്ടാക്കിയ അതിതീവ്രമഴമൂലം ദുർബലമായ ഇടങ്ങളിൽ പിന്നീടുണ്ടാകുന്ന ചെറിയ മഴ പോലും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും ഇടയാക്കുന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. നവംബർ ഒന്നുവരെ മലയോരത്ത് ജാഗ്രത ഉണ്ടാകണമെന്ന് കാലാവസ്ഥാ വിദഗ്ധരും വകുപ്പും മുന്നറിയിപ്പ് നൽകുന്നു.

ഇപ്പോൾ കേരളതീരത്തുള്ള ചക്രവാതച്ചുഴി അമിതമഴയ്ക്ക് ഇടയാക്കുന്നുണ്ട്. കേരളതീരത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ന്യൂനമർദ്ദം കൂടി ചേരുമ്പോൾ മഴ അതിതീവ്രമായ അവസ്ഥയിലേക്ക് മാറാമെന്ന് കുസാറ്റിലെ റഡാർ വിഭാഗം ശാസ്ത്രജ്ഞൻ ഡോ.എം.ജി. മനോജ് പറയുന്നു. ഏറെ ചരിവുള്ള മലകളിൽ മണ്ണിടിയാം. ഒാരോ പ്രദേശത്തിന്റെയും ചരിവ്, മണ്ണിന്റെ സ്വഭാവം, ഖനനം മൂലമോ മറ്റോ ഇളക്കമുണ്ടോ എന്നിവ പരിശോധിച്ചാലേ അതത് ഇടത്തെ തീവ്രത വ്യക്തമാകൂ.-അദ്ദേഹം പറയുന്നു.

ഭൂമിയുടെ അതിതാപനവും അതുണ്ടാക്കുന്ന അതിതീവ്രമഴയും കേരളത്തിൽ കൂടിവരുന്നുണ്ടെന്ന് ജലവിഭവഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ.വി.പി. ദിനേശ് പറയുന്നു. മുമ്പ് അതിതീവ്രമഴ ഒരു സ്ഥലത്ത് ഒരു തവണയൊക്കെ മാത്രം കണ്ടിരുന്നത് മാറി. വർഷത്തിൽ പലവട്ടം ഒരേയിടത്ത് ഉണ്ടാകുന്ന രീതി ഇപ്പോഴുണ്ട്. ഇത്തരം മഴ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്ത് അപകടം ഇരട്ടിയാക്കും.

രണ്ട് മീറ്റർ മാത്രമായിരിക്കും സാധാരണ ഇത്തരം ഇടങ്ങളിൽ മേൽമണ്ണിന്റെ കനം. അവിടങ്ങളിൽ നടത്തിയ നിർമാണങ്ങൾ മഴക്കാലത്ത് അപകടസാധ്യത ഇരട്ടിയാക്കുന്നു. കനത്തമഴയിൽ ഇവിടെ മണ്ണിലെ ജലസാന്നിധ്യം ഏറും. മഴ തുടരുമ്പോൾ മണ്ണ് ഒന്നാകെ ഇളകിപ്പോരുകയും ചെയ്യും. സസ്യങ്ങളുടെ വേരുകൾ ഉണ്ടെങ്കിൽ അപകടസാധ്യത കുറയുമായിരുന്നു. പക്ഷേ, ഇപ്പോൾ ആ സ്വാഭാവിക സുരക്ഷയും കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അപകടനില

അതിതാപനം കാരണം കടലിന്റെ ചൂട് 29 ഡിഗ്രി വരെ കൂടുന്നുണ്ട്. സാധാരണയിൽനിന്ന് രണ്ട് ഡിഗ്രി വരെ കൂടുതലാണിത്. ഇത് മേഘങ്ങളുടെ സാധ്യത കൂട്ടുന്നു. ഒന്നിന് മീതെ മറ്റൊന്നായി മേഘങ്ങൾ കൂമ്പാരമാകന്നതാണ് അതിതീവ്രമഴയ്ക്ക് കാരണം. 16-ന് പീരുമേട്, കാഞ്ഞിരപ്പള്ളി പരിധികളിൽ അതിതീവ്രമഴയായിരുന്നു. ഇത് 20.5 സെന്റീമീറ്ററിന് മേലെയാണ്. പിന്നീടും ഇവിടെയും സമീപത്തുള്ള പ്രദേശങ്ങളിലും തീവ്രമഴയും (11.5-20.5 സെന്റീമീറ്റർ വരെ), ശക്തമായ മഴയും (7-11 സെന്റീമീറ്റർ) കിട്ടുന്നുണ്ട്. ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും നിലനിൽക്കുന്നത് മഴസാധ്യത കൂട്ടും. പ്രത്യേക പ്രദേശത്ത് അതിശക്ത മഴയുണ്ടാക്കുന്ന കൂമ്പാരമേഘ പ്രതിഭാസവും പലയിടത്തും ആവർത്തിക്കാം.

ഉരുൾ വന്ന വഴി…

ഉരുൾ വിവരം
• കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 16-ന് ഉച്ചയ്ക്ക്‌ 11 -നും രണ്ടിനുമിടയ്ക്ക് ചെറുതും വലുതുമായ എട്ടോളം ഉരുൾപൊട്ടലുകൾ ഒരേ പ്രദേശം കേന്ദ്രീകരിച്ചുണ്ടായതാണ് അവിടെ ജീവഹാനിക്ക് ഇടയാക്കിയത്. കൂട്ടിക്കലെ കാവാലി, പ്ലാപ്പള്ളി, കൊക്കയാറ്റിലെ മാക്കോച്ചി എന്നിവിടങ്ങളിലായിരുന്നു ദുരന്തം.

• അന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ, കുഴിമ്പള്ളി എന്നിവിടങ്ങളിലും തീവ്രമായ ഉരുൾപൊട്ടി.

• നാലുദിവസത്തിനു ശേഷം തീക്കോയി 30 ഏക്കറിൽ ഉരുൾപൊട്ടൽ.

• മൂന്നിലവിലെ മങ്കൊമ്പിൽ 16-ന് ഉരുൾപൊട്ടി കൃഷിനാശം

• പത്തനംതിട്ട ജില്ലയിൽ കോട്ടമൺപാറയിൽ രണ്ടു തവണയും ആങ്ങമൂഴിയിൽ ഒരു തവണയും ഉരുൾപൊട്ടി. 23-നും 25-നുമായിരുന്നു ഇത്.

• പത്തനംതിട്ട കുരുമ്പൻമൂഴി പനക്കുടുന്നയിൽ 16-ന് ഉരുൾപൊട്ടി. വ്യാഴാഴ്ചയും ചെറിയതോതിൽ ആവർത്തിച്ചു.

• ഇടുക്കി ജില്ലയിൽ പെരുവന്താനം പഞ്ചായത്തിൽ മൂഴിക്കൽ, കുറ്റിക്കയം, പാറാത്തോട്, തടിത്തോട് എന്നിവിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും.

• കോട്ടയം ഏയ്ഞ്ചൽവാലിയിൽ വ്യാഴാഴ്ച വൈകിട്ട് ഉരുൾപൊട്ടൽ. ഒരേ സമയം ആറിടത്തുനിന്നാണ് ഉരുൾവന്നത്.

error: Content is protected !!