കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ…

കൂട്ടിക്കൽ: പഞ്ചായത്തിലെ മ്ലാക്കര, മൂപ്പൻമല, 39-ഭാഗം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടം ഉണ്ടായില്ല. 

പത്ത് കുടുംബക്കാരെ സുരക്ഷയുടെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പെയ്ത കനത്തമഴയെ തുടർന്നാണ് ഉരുൾപൊട്ടിയത്. അഞ്ചരയോടെ മഴയുടെ ശക്തി കുറഞ്ഞു. 

ജനവാസ മേഖലയാണെങ്കിലും ഉരുൾപൊട്ടലിൽ വീടുകൾക്ക് നാശം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കൂട്ടിക്കൽ ടൗണിലും മണിമലയാറിന്റെ തീരത്തും ജാഗ്രത നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ടിടത്തും ജലനിരപ്പ് ക്രമാതീതമായി ഉയർന്നില്ല. കൂട്ടിക്കലിൽ നേരിയ മഴയാണ് പെയ്തത്. വിവരമറിഞ്ഞ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ്‌ പി.എസ്.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി. പ്രദേശവാസികളായ പത്ത് കുടുംബങ്ങളെ കൊടുങ്ങ ആർ.ശങ്കർ മെമ്മോറിയൽ സ്കൂളിലെ ക്യാമ്പിലേക്ക്‌ മാറ്റി. 

കൊടുങ്ങ എസ്.എൻ. സ്കൂളിൽ മ്ലാക്കര പ്രദേശത്തുള്ള ആറ് കുടുംബങ്ങൾ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ രാത്രി ക്യാമ്പിൽ കഴിഞ്ഞിരുന്നു. വെള്ളിയാഴ്ച മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ മിക്കവരും വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇതിന് ശേഷമാണ് കനത്ത മഴ പെയ്തത്. 

ഇളങ്കാട് ഭാഗത്ത് താൽക്കാലിക പാലം ഒലിച്ചു പോയത് മൂലം അകപ്പെട്ട 16 പേരെ ദുരന്തനിവാരണ ,അഗ്നിരക്ഷാ സേനാംഗങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചു.ശേഷം ഇവരെ ക്യാമ്പിലേക്ക് മാറ്റി. ഇനി ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി സേനാംഗങ്ങൾ മലമുകളിലേക്ക് രാത്രി വൈകിയും ശ്രദ്ധ കൊടുക്കുന്നുണ്ട്. മലമുകളിൽ രണ്ടു വീടുകൂടി സ്ഥിതി ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി, പീരുമേട് എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന, ദേശീയ ദുരന്തനിവാരണസേന, പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തി. പ്രളയബാധിത മേഖലകളിൽ ഗവർണർ ഇന്നെത്തും 

ഉരുൾപൊട്ടലും പ്രളയവും നാശം വിതച്ച ഇടങ്ങളിൽ ശനിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തും. രാവിലെ ഒൻപതിന് നാട്ടകം ഗസ്റ്റ് ഹൗസിൽനിന്ന് അദ്ദേഹം പുറപ്പെടും.

കൂട്ടിക്കൽചപ്പാത്ത് (10.30), ഏന്തയാർ സെന്റ് മേരീസ് പാരിഷ് ഹാളിലെ ക്യാമ്പ് (10.45) എന്നിവിടങ്ങളിൽ ആദ്യം എത്തും. 11.30-ന് മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വരും. 

12-ന് കുറുവാമൂഴിയിലെ സെന്റ് ജോസഫ് പാരിഷ് ഹാളിലെ ക്യാമ്പിൽ താമസിക്കുന്നവരെ കാണും. 12.15-ന് കുറുവാമൂഴിയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പ്രദേശത്ത് സന്ദർശിക്കും. 12.30-ന് വിഴിക്കത്തോട് വഴി കോട്ടയത്തേക്ക് മടങ്ങും.

error: Content is protected !!