ഭൂപ്രകൃതി അനുകൂലം, ഉറപ്പുള്ള മണ്ണ്; ചെറുവള്ളി എസ്റ്റേറ്റിൽ വികസന സൂര്യോദയം, പറക്കാം നമുക്ക് !

പുലർച്ചെ ചെറുവള്ളി എസ്റ്റേറ്റിൽ നിന്നു നോക്കിയാൽ കിഴക്ക് സഹ്യന്റെ ചെരുവിൽ നിന്നുദിച്ചുയരുന്ന സൂര്യനെ കാണാം.  ശബരിമല വിമാനത്താവളത്തിന് അനുയോജ്യമെന്നു കണ്ടെത്തിയതോടെ താഴെ ചെറുവള്ളി എസ്റ്റേറ്റിൽ വികസന സൂര്യോദയം. കിഴക്കിന്റെ വികസന സൂര്യനായി ശബരിമല വിമാനത്താവളം ഇവിടെ പറക്കാനൊരുങ്ങുന്നു. 

മലമടക്കിൽ ഒരു മൈതാനം 

സഹ്യന്റെ മടിത്തട്ടിൽ വടക്കുകിഴക്ക് ഇടുക്കി മലകൾക്കും തെക്കു കിഴക്ക് ശബരിമല മലനിരകൾക്കും ഇടയിൽ ഒളിച്ചിരിക്കുകയാണ് ചെറുവള്ളി എസ്റ്റേറ്റ്. മലകൾക്കിടയിൽ 12 ചെറുകുന്നുകൾ ചേർന്നാൽ ചെറുവള്ളി എസ്റ്റേറ്റായി. ഏകദേശം 3 കിലോമീറ്റർ വീതിയും അത്ര തന്നെ നീളവുമുള്ള സമചതുരമാണ് എസ്റ്റേറ്റ്. എസ്റ്റേറ്റിന്റെ ഒരറ്റത്തു നിന്നു നേരെ എതിർവശത്തുള്ള അടുത്ത അറ്റത്ത് എത്താൻ 3 കിലോമീറ്റർ യാത്ര ചെയ്യണം. കുന്നുകളാണെന്നാണ് പേര്. എങ്കിലും കുന്നുകൾക്ക് അധികം ഉയരമില്ല. ഉയരമില്ലാത്തതിനാൽ തന്നെ കുഴിയും കൊക്കകളും കുറവ്. കുന്നും കുഴിയും തമ്മിലുള്ള ഉയരവ്യത്യാസം 15 മീറ്ററിൽ താഴെ മാത്രം.

മലയുണ്ട്, പുഴയുണ്ട്, കാടുമുണ്ട്

പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മുക്കടയാണ് എസ്റ്റേറ്റിന്റെ കവാടം. എരുമേലി–പ്ലാച്ചേരി റോഡിലാണ് മുക്കട. കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക്, മണിമല വില്ലേജുകളിലാണ് 2263 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റ്. കിഴക്ക് എരുമേലിയും പരിസരവും. തെക്കു പടിഞ്ഞാറു ഭാഗത്ത് പൊന്തൻപുഴ വനമേഖലയാണ്. വടക്കു കിഴക്കുഭാഗത്ത് എസ്റ്റേറ്റിന് അരികിലൂടെ മണിമലയാർ ഒഴുകുന്നു. ഒരു വശത്ത് മലയെങ്കിൽ മറുവശത്ത് സംസ്ഥാന പാതയാണ് അതിര്. മറ്റൊരിടത്ത് പുഴയും എതിർ വശത്ത് വനവും അതിർത്തി നിശ്ചയിക്കുന്നു. മുക്കടയിൽ റബർ ബോർഡിന്റെ തോട്ടവും അരികിലുണ്ട്.

തേയിലത്തോട്ടം റബർ തോട്ടമായി

പണ്ട് ചെറുവള്ളി എസ്റ്റേറ്റ് തേയിലത്തോട്ടമായിരുന്നു. പിന്നീട് റബർ എസ്റ്റേറ്റായി. തേയില ഫാക്ടറി ഇപ്പോഴും അവിടെയുണ്ട്. എസ്റ്റേറ്റിൽ തലങ്ങും വിലങ്ങും ചെറിയ ടാർ റോഡുകളുണ്ട്. റെയിൻ ഗാർഡ് ചെയ്ത റബർ തോട്ടം ഇരുവശത്തും കാണാം. ഓരോ തോട്ടവും വേർതിരിച്ച് കാട്ടുകല്ലുകൊണ്ട് അതിർത്തി കെട്ടിയിട്ടുണ്ട്. അങ്ങിങ്ങു തൊഴിലാളികളെയും കാണാം. ചെറിയ കുന്നുകളും കയറ്റങ്ങളും ചേരുന്നതാണ് റോഡുകൾ. ചില സ്ഥലങ്ങളിൽ പുതിയ റബർ തോട്ടങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. മരങ്ങളുള്ളതിനാൽ നല്ല വെയിലിലും ചൂട് തോന്നില്ല.

എല്ലാം കൊണ്ടും അനുയോജ്യം

ശബരിമല വിമാനത്താവളത്തിനായുള്ള അന്വേഷണം ചെറുവള്ളി എസ്റ്റേറ്റിൽ എത്താൻ കാരണങ്ങൾ പലതാണ്. അതെല്ലാം ചെറുവള്ളിയുടെ അനൂകൂല ഘടകങ്ങളാണ്. ഇക്കാര്യം കൺസൽറ്റിങ് ഏജൻസിയായ ലൂയി ബഗ്ർ തയാറാക്കിയ റിപ്പോർട്ടിലുണ്ട്.

 ഭൂപ്രകൃതി അനുകൂലം

വിമാനത്താവളം നിർമിക്കാൻ അനുയോജ്യമാണ് എസ്റ്റേറ്റ് ഭൂമി. ചെറിയ കുന്നുകൾ മാത്രം. വലിയ ഗർത്തങ്ങളില്ല. കരിപ്പൂർ പോലെ ടേബിൾ ടോപ് നിർമിതി വേണ്ട. ചെറുതായി കുന്നുകൾ ലെവൽ ചെയ്താൽ മതിയാകും. റൺവേയ്ക്ക് ആവശ്യമായ സ്ഥലമുണ്ട്.

 ഉറപ്പുള്ള മണ്ണ്

പ്രകൃതി ദുരന്ത ഭീഷണിയില്ല. വെള്ളപ്പൊക്കത്തിനും സാധ്യതയില്ല. മണിമലയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും എസ്റ്റേറ്റിൽ വെള്ളം കയറിയില്ല. നെടുമ്പാശേരി വിമാനത്താവളം പോലെ വയലുകളും മറ്റുമില്ല. ഭൂമി നികത്തേണ്ട കാര്യവുമില്ല.

 ഇഷ്ടം പോലെ വെള്ളം

എസ്റ്റേറ്റിന്റെ അതിർത്തിയിലൂടെ മണിമലയാർ ഒഴുകുന്നു. ഭാവിയിൽ വിമാനത്താവളം ടൗൺഷിപ്പിനു ജലക്ഷാമം വരികയില്ല.

 തടസ്സങ്ങൾ കുറവ് 

കനകപ്പലത്തേക്കുള്ള 66 കെവി ലൈൻ എസ്റ്റേറ്റിന്റെ ഒരു ഭാഗത്തു കൂടി കടന്നു പോകുന്നു. കാരിക്കോട്–എരുമേലി റോഡും എസ്റ്റേറ്റിലൂടെ കടന്നു പോകുന്നു. മറ്റു തടസ്സങ്ങൾ ഇല്ല. എസ്റ്റേറ്റിൽ സർക്കാർ കണക്കിൽ രേഖപ്പെടുത്തിയ അരുവികളും തോടുകളും വളരെ കുറവ്. വനമേഖല കിഴക്കേ അതിരിലാണ്.

 ജനവാസ മേഖലയല്ല 

എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങൾ, ദേവാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയാണ് എസ്റ്റേറ്റിലുള്ളത്. അതിനാൽ പുനരധിവാസം ദുഷ്കരമല്ല. കണ്ണൂർ വിമാനത്താവളത്തിനായി ആയിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

വികസനം കാത്ത് പട്ടണങ്ങൾ

എരുമേലി, റാന്നി, മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി  പട്ടണങ്ങൾ എസ്റ്റേറ്റിന്റെ 20 കിലോമീറ്റർ ദൂരത്തിനുള്ളിലാണ്. ഇവയ്ക്ക് വികസന സാധ്യത. കൊല്ലം – തേനി (എൻഎച്ച്– 183) ഹൈവേയിലേക്ക് അധികം ദൂരമില്ല. ഡിണ്ടിഗൽ–കൊല്ലം ഹൈവേ (എൻഎച്ച് – 183 എ), പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാത എന്നിവയും വിമാനത്താവളത്തിലേക്കു വഴിയൊരുക്കുന്നു.

സാധ്യതാ പഠനം കഴിഞ്ഞാൽ റവന്യു വകുപ്പ് സർവേ നടപടി ആരംഭിക്കും. ജില്ലയിൽ വികസനക്കുതിപ്പിന് വിമാനത്താവളം വഴിയൊരുക്കും. ഡോ. പി.കെ. ജയശ്രീ കലക്ടർ 

വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ പ്രളയത്തിലും എസ്റ്റേറ്റിൽ വെള്ളം കയറിയില്ല.  വി. തുളസീദാസ് സ്പെഷൽ ഓഫിസർ 

error: Content is protected !!