സൂക്ഷിക്കാനിടമില്ലറേഷൻകടയിലെത്തിച്ച 403 ചാക്ക് അരി നശിച്ചു

  

കേടായ റേഷൻഅരി കടയിൽ സൂക്ഷിച്ചിരിക്കുന്നു

കടയ്ക്കുള്ളിൽ സ്ഥലമില്ലാത്തതിനാൽ ഗോതമ്പ് ചാക്കുകൾ കടയുടെ വരാന്തയിൽ വെച്ച് പടുതയിട്ട് മൂടിയ നിലയിൽ

മണിമല: വെള്ളാവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ എ.ആർ.ഡി. 193-ാം നമ്പർ റേഷൻകടയിൽ എത്തിച്ച 403 ചാക്ക് അരിയും 20 ചാക്ക് ഗോതമ്പും നശിച്ച നിലയിൽ. പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നനിലയിലാണിത്. 

കടയ്ക്കുള്ളിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വെള്ളം കയറിയതോടെ മൂന്നു മുറികളിലായി സൂക്ഷിച്ചിരുന്ന അരി പൂർണമായും നശിച്ചു.

ഇൗ കടയിൽ മുമ്പും നാശമുണ്ടായിട്ടുണ്ട്. രണ്ട് വർഷം മുൻപ് എത്തിച്ച 25 ചാക്ക് അരിയും ഉപയോഗയോഗ്യമല്ലായിരുന്നു. 

പുഴുക്കളും പ്രാണികളും നിറഞ്ഞ അരി വിതരണം ചെയ്യാൻ കഴിയാതെ ചങ്ങനാശ്ശേരി റേഷനിങ് ഇൻസ്പെക്ടറെയും താലൂക്ക് സപ്ലൈ ഓഫീസറെയും വിവരം അറിയിച്ചു. 

ഇവർ പരിശോധന നടത്തിയശേഷം ഉപയോഗിക്കാൻ പറ്റാത്ത അരി നശിപ്പിച്ചുകളയാതെ കടയിൽ സൂക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. 

ഇവ നശിപ്പിച്ചുകളയുകയോ നീക്കം ചെയ്യുകയോ വേണമെന്ന് കടയുടെ നടത്തിപ്പുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. പിന്നീട് കടയിൽ എത്തിച്ചിരുന്ന അരിയും ഇതേ മുറിക്കു സമീപം ഇറക്കിയതോടെ മറ്റ് അരിച്ചാക്കുകളിലേക്കും പുഴു വ്യാപിച്ചു.

350 കാർഡ് ഉടമകളുണ്ടായിരുന്നതിൽ എല്ലാവരും മറ്റ് റേഷൻ കടകളെ ആശ്രയിച്ചു. എങ്കിലും എല്ലാ മാസവുമെത്തുന്ന റേഷൻ വിഹിതം കടമുറികൾക്കുള്ളിൽ നിറഞ്ഞതോടെയാണ് 403 ചാക്ക് അരി സ്റ്റോക്കായത്. ഇവ ഇപ്പോൾ പൂർണമായും ഉപയോഗയോഗ്യമല്ലാതായി. മൂന്നു മുറികളുള്ള കടയ്ക്കുള്ളിൽ സ്ഥലം ഇല്ലാത്തതിനാൽ 20 ചാക്ക് ഗോതമ്പ്, കടയ്ക്ക് വെളിയിൽ തിണ്ണയിൽവെച്ച് പടുതയിട്ട് മൂടിയനിലയിലാണ്. 

മഴയിൽ വെള്ളം കയറിയതോടെ കടയുടെ സമീപത്തുപോലും ദുർഗന്ധം മൂലം നിൽക്കാൻ പറ്റാത്തസ്ഥിതിയാണ്. റേഷൻ വിഹിതം എത്തിക്കേണ്ടെന്ന് അധികൃതരോട് കട നടത്തിപ്പുകാർ പറഞ്ഞാലും മാലിന്യക്കൂമ്പാരത്തിലേക്ക് വീണ്ടും അരിച്ചാക്കുകൾ എത്തും. 

പരിശോധിക്കും 

വിഷയം ശ്രദ്ധയിൽവന്നില്ലെന്നും പരിശോധിച്ച് തുടർ നടപടി എടുക്കുമെന്നും താലൂക്ക് സപ്ലൈ ഒാഫീസ് അറിയിച്ചു.

error: Content is protected !!