മേരീക്വീൻസ് ഹോം കെയർ : സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഹോം കെയർ വിഭാഗമായ മേരീക്വീൻസ് ഹോം കെയർ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമീപ പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ക്യാമ്പ് കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ചുള്ള ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിംഗ് പഞ്ചായത്ത് മെമ്പർ അഡ്വ. ഷെമീർ ഉദ്‌ഘാടനം ചെയ്തു, മേരീക്വീൻസ് മിഷൻ ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ഫാ. ബോബിൻ കുമാരേട്ട് സി.എം.ഐ തുടങ്ങിയവർ പ്രസംഗിച്ചു.

ആശുപത്രിയുടെ 25 കിലോമീറ്റർ ചുറ്റളവിൽ ഉള്ള കിടപ്പു രോഗികൾ അടക്കമുള്ളവർക്ക് മെഡിക്കൽ, നഴ്സിംഗ്, ഫിസിയോ തെറാപ്പി, ലാബ് സാമ്പിൾ കളക്ഷൻ അടക്കമുള്ള സേവനങ്ങൾ, കോവിഡ് പരിശോധന, ചികിത്സ എന്നിവ ഉറപ്പാക്കുന്ന മേരീക്വീൻസ് ഹോം കെയർ പദ്ധതി കഴിഞ്ഞ വർഷത്തെ കേരളപ്പിറവി ദിനത്തിലാണ് രൂപം കൊണ്ടത്. നിലവിൽ രണ്ടു യൂണിറ്റുകളിലായി ഒരു ദിവസം ഇരുപതിലധികം രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ സേവനം എത്തിക്കുന്ന ഹോം കെയർ സേവനം മേരീക്വീൻസ് ആശുപത്രിയുടെ ജനപ്രിയ പദ്ധതി കൂടെയാണ്.

ഇരുപത്തിയാറാം മൈൽ മേഖലയിലെ വ്യാപാരികളും, ഓട്ടോ ടാക്സി തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായി നൂറിലധികം ആളുകൾ പങ്കെടുത്ത ആദ്യ ക്യാമ്പിന് മേരീക്വീൻസ് ചീഫ് എക്സിക്യൂട്ടീവ് ബെന്നി തോമസ്, അജോ വാന്തിയിൽ, കിരൺ കമൽ, സോണി സെബാസ്റ്റ്യൻ, ഡോ. സിവിൽ, ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!