ജോസ് കെ. മാണി വീണ്ടും രാജ്യസഭയിലേക്ക് ..
രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ.മാണിയെ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗം തീരുമാനിച്ചു. അദ്ദേഹം മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടര്‍ന്നുള്ള കാലാവധിയിലേക്കാണ് തീരുമാനം.
ചൊവ്വാഴ്ച ചേർന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവർ പങ്കെടുത്തു.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ തീരുമാനിച്ചിരുന്നു . ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കും. യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു. വിഷയം മുന്നണിയോഗത്തില്‍ കാര്യമായ ചര്‍ച്ചയായില്ല.
നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.
മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ജോസ് എം.പി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാലായില്‍ മാണി സി. കാപ്പനോട് മത്സരിച്ച ജോസ് കെ. മാണി തോറ്റിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരിക്കല്‍ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാന്‍ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്. ഒഴിവ് വരുന്ന സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് നല്‍കുന്ന കീഴ്‌വഴക്കമാണ് നേരത്തെയും ഇടതുമുന്നണിയിലുള്ളത്.