പാക്കാനം തോട് കരകവിഞ്ഞൊഴുകി; കർഷകർക്കു ലക്ഷങ്ങളുടെ നാശനഷ്ടം
പുഞ്ചവയൽ: കനത്ത മഴയിൽ പാക്കാനം തോട് കരകവിഞ്ഞൊഴുകിയതോടെ കർഷകർക്കുണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും നിരന്തരമായ ആക്രമണത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കൻ വേലികെട്ടി തിരിച്ചും ഉറക്കമൊഴിച്ച് കാവലിരുന്നും സംരക്ഷിച്ചിരുന്ന കൃഷിയിടമാണ് ഒരു നിമിഷം കൊണ്ട് ഉരുൾപൊട്ടലിലെ വെള്ളം തരിശു ഭൂമിയാക്കിയത്.
ഉരുൾപൊട്ടലിലെ വെള്ളം കുതിച്ചൊഴുകിയ കാരിശേരി ചതുപ്പ് തോടിന്റെ ഇരുകരയിലുമായി കൃഷിടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മാസങ്ങളുടെ അധ്വാനം കൊണ്ട് വിളവെടുപ്പടുത്ത കപ്പയും വാഴയുമടക്കം കൃഷിഭൂമികൾ ഒന്നും അവശേഷിപ്പിക്കാതെ പൂർണമായി മേഖലയിൽ ഒലിച്ചു പോയിരിക്കുന്നത്. നിരവധി തെങ്ങുകളും റബർ മരങ്ങളും കടപുഴകി വീണു. കൃഷിയിടങ്ങൾ മണ്ണും കല്ലും ഇടിഞ്ഞ് നശിച്ച അവസ്ഥയിലാണ്. മേഖലയിലെ പലരും കൃഷിയിടങ്ങളിൽ പടുതാക്കുളങ്ങൾ കെട്ടി മീൻ കൃഷിയും നടത്തിരുന്നു. വെള്ളം കയറി ഒഴുകിയതിനെ തുടർന്ന് ആയിരക്കണക്കിന് മീനുകളാണ് ഒഴുകിപ്പോയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പലരും ഉള്ളത് പണയപ്പെടുത്തിയും വായ്പകൾ വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷിയിറക്കിയത്. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഒരു നിമിഷം കൊണ്ടാണ് ഇവരൊക്കെ കടക്കെണിയിലായത്.
കൃഷിനാശത്തിന് നഷ്ടപരിഹാരമായി വളരെ തുച്ഛമായ തുകയാണ് കർഷകർക്കു ലഭിക്കുന്നത്. വാഴ കുലച്ചതിന് 100 രൂപ, കുലയ്ക്കാത്തതിന് 75 രൂപ, കപ്പയ്ക്ക് രണ്ടര ഏക്കറിന് 6800 രൂപ, റബർ ടാപ്പ് ചെയ്യുന്നതിന് 300 രൂപ, ടാപ്പ് ചെയ്യാത്തതിന് 200 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാര തുകയായി കർഷകർക്ക് കിട്ടുന്നത്.
ഈ തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കർഷകർക്ക് നൽകുന്ന മൊത്തം തുകയാണ്. നഷ്ടപരിഹാര തുകയുടെയൊക്കെ നാലും അഞ്ചും ഇരട്ടി വളവും മറ്റുമായി കർഷകർ കൃഷിക്കായി ചെലവിടുന്നുണ്ട്. അധ്വാനത്തിന്റെ വില വേറെ. ഈ നഷ്ടപരിഹാരത്തുക ലഭിക്കണമെങ്കിൽ തന്നെ കൃഷിഭവനുകൾ കയറിയിറങ്ങണം. അതുകൊണ്ടുതന്നെ കർഷകർ ഇതിന് മെനക്കെടാറില്ല. നാണ്യവിളകൾക്ക് ഉൾപ്പെടെ വിലത്തകർച്ച നിലനിൽക്കേ പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം കൂടിയായതോടെ കാർഷിക മേഖലയെ ഏറെ തളർത്തിരിക്കുകയാണ്.