KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതാധിഷ്ഠിത ഭരണത്തിന് ബദൽ സംവിധാനം വേണം: പന്ന്യൻ രവീന്ദ്രൻ

പൊൻകുന്നം : രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള മതാധിഷ്ഠിത ഫാസിസ്റ്റ് ഭരണത്തിന് ബദൽ സംവിധാനം വേണമെന്ന് സിപിഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി വാഴൂരിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഗവണ്‍മെന്റ് പാര്‍ലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി രാജ്യത്തെ പൊതുമുതലുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി. ഏറ്റവും സുരക്ഷിതമായിരിക്കേണ്ട വ്യോമയാന മേഖല പോലും സ്വകാര്യ വ്യക്തികള്‍ക്ക് അടിയറവച്ചു. രാജ്യം ഏറ്റവും ദുരിതത്തിലൂടെയും ദുരന്തത്തിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണിത്. ജയ്ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഒരു കാലത്ത് ഒരുമിച്ച് ഉയര്‍ന്നിരുന്ന ഇന്ത്യയില്‍ ഇന്ന് ജവാന്‍മാരെ ഉപയോഗിച്ച് കര്‍ഷകരെ ചുട്ടുകൊല്ലുന്നു. അന്നം നല്‍കുന്ന കര്‍ഷകനെ ആദരിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
സിപിഐ മണ്ഡലം, ലോക്കല്‍ ഭാരവാഹികളില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറി, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്നുള്ള ഫണ്ടാണ് ഒന്നാം ഘട്ടമായി ഏറ്റുവാങ്ങിയത്.
യോഗത്തില്‍ നിയോജക മണ്ഡലം അസി. സെക്രട്ടറി രാജന്‍ ചെറുകാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, നേതാക്കളായ അഡ്വ. വി.ബി. ബിനു, ഒ.പി.എ. സലാം, മോഹന്‍ ചേന്നംകുള്ളം, അഡ്വ. എം.എ. ഷാജി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!