“കൈകോർക്കാം വീടൊരുക്കാം” വട്ടകപ്പാറ പിച്ചകപ്പള്ളിമേട് പ്രദേശത്തെ പത്ത് കുടുംബങ്ങൾക്ക് വീടൊരുക്കാൻ സ്ഥലമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷൻ വീടുവെച്ചു നൽകുന്ന “കൈകോർക്കാം വീടൊരുക്കാം” പുരധിവാസ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. വട്ടകപ്പാറ പിച്ചകപ്പള്ളിമേട് പ്രദേശത്തുള്ളവർക്കാണ് വീട് നൽകുന്നത്. മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കും, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ പത്ത് വീടുകൾ നിർമിക്കുന്നതിന് സ്ഥലം ലഭ്യമായതായി ഭാരവാഹികൾ അറിയിച്ചു.
പത്ത് വീടുകൾ നിർമിക്കുന്നതിനു സ്ഥലം സൗജന്യമായി നൽകിയവരെ ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി.എ.യൂസഫ് ആദരിച്ചു. രണ്ട് വീടുകൾ നിർമിക്കുന്നതിനുള്ള തുക നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ എൻ. ജഹാംഗീർ യോഗത്തിൽ അറിയിച്ചു. 25-കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
വാർഡംഗവും പദ്ധതി സമിതി ചെയർമാനുമായ സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, നൂർ മസ്ജിദ് പ്രസിഡന്റ് ടി.ഇ. നാസറുദ്ദീൻ, ബഷീർ തേനംമാക്കൽ, പി.പി. അസീസ്, സെയ്ത് ചെറുകര, നാസർ മൗലവി, ഫിലിപ്പ് പള്ളിവാതുക്കൽ തുടങ്ങിവർ പ്രസംഗിച്ചു.