റേഷൻകടകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും : മന്ത്രി ജി.ആർ. അനിൽ
റേഷൻകടകൾക്ക് മുമ്പിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ . താത്‌കാലികമായി റദ്ദുചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ പരാതിപ്പെട്ടിയിലൂടെ നൽകുന്ന പരാതികൾ എല്ലാ ആഴ്ചയിലും റേഷനിങ് ഇൻസ്പെക്ടർമാർ ശേഖരിച്ച് നടപടികൾ സ്വീകരിക്കും. തുടർനടപടികൾക്കായി താലൂക്ക്തല വിജിലൻസ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കും.
റേഷൻകാർഡുകളിലെ പിശകുകൾ തിരുത്താനും വിവരങ്ങൾ ഉൾക്കൊള്ളിക്കാനും നവംബർ 15 മുതൽ ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതി ആരംഭിക്കും. ജനുവരി ഒന്നിനകം എല്ലാ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണം. ജനുവരി ഒന്നുമുതൽ ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെ ഓഫീസുകൾ പൂർണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറും. ഡിസംബർ ഒന്നുമുതൽ ജില്ല, താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും.
റദ്ദാക്കിയ ലൈസൻസുകളിൽ, ഡിസംബർ 15-നുള്ളിൽ അന്തിമതീരുമാനമെടുത്ത് പുതിയ ലൈസൻസുകൾ അനുവദിക്കും. ഡിസംബർ 15-നുള്ളിൽ എല്ലാജില്ലകളിലും അദാലത്ത് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.