ഒരു മാസം കഴിഞ്ഞിട്ടും, പ്രളയ ദുരിതത്തിൽ നിന്നും കരകയറാതെ കൂട്ടിക്കൽ…
.
കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നതോടെ തെങ്ങിൻതടികൊണ്ട് നിർമിച്ച താത്കാലിക പാലത്തിലൂടെ സഞ്ചരിക്കുന്ന നാട്ടുകാർ
കൂട്ടിക്കൽ: പ്രളയംവരുത്തിയ കെടുതിയിൽനിന്നു കൂട്ടിക്കൽ ഇനിയും മുക്തമായിട്ടില്ല. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് തുടങ്ങിയ മലയോര പ്രദേശങ്ങളിൽ പ്രളയം നാശംവിതച്ചിട്ട് ഒരുമാസമാകുമ്പോളും അതിജീവനത്തിനായി കഷ്ടപ്പെടുകയാണ് നാട്്. കിടപ്പാടം നഷ്ടമായി ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടിയവർ നിരവധിയാണ്. ഇളംകാട് മേഖലയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതോടെ മലയോരജനത വീണ്ടും ഭീതിയിലാണ്. ഇവിടെനിന്നു കൂടുതൽ ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. പറത്താനം ഒന്നാം വാർഡ് ഒഴികെ 12 വാർഡുകളിലും പ്രളയം നാശംവിതച്ചു. 12 ജീവനുകൾ പൊലിഞ്ഞു.
17 പാലങ്ങൾ പൂർണമായി തകർന്നു
കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിക്കുന്ന ഏന്തയാർ-മുക്കുളം പാലം ഉൾപ്പെടെ നാല് പ്രധാന പാലങ്ങളും ചെറിയ നടപ്പാലങ്ങളും തൂക്കുപാലങ്ങളുമടക്കം 17 പാലങ്ങൾ പൂർണമായി തകർന്നു.
സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് നിർമിച്ച മരത്തടികൾകൊണ്ടുള്ള താത്കാലിക പാലങ്ങളിലൂടെയാണ് ഇപ്പോൾ ആളുകൾ സഞ്ചരിക്കുന്നത്. മുക്കുളം, മ്ലാക്കര, ഇളംകാട് ടോപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോളും ഒറ്റപ്പെട്ടനിലയിലാണ്. ഇവിടേക്കുള്ള പാലങ്ങൾ തകർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
മറ്റ് നഷ്ടങ്ങൾ ഏറെ
പൊതുമരാമത്തുവകുപ്പിന്റേത് ഉൾപ്പെടെ 42 റോഡുകളാണ് തകർന്നത്. 13 കലുങ്കുകൾ ഇടിഞ്ഞുവീണു.
84 വീടുകളിലെ ശൗചാലയങ്ങൾ നശിച്ചു. 79 കിണറുകൾ മൂടിപ്പോയി. 259 പേരുടെ വീട്ടുപകരണങ്ങളാണ് നഷ്ടമായത്. 168 കുട്ടികളുടെ പഠനോപകരണങ്ങളും, ജലനിധിയുടേതടക്കം 25 കുടിവെള്ള വിതരണ പദ്ധതികളുടെ കിണറുകളും, ഏഴ് പൊതുകെട്ടിടങ്ങളും നശിച്ചു.
വ്യാപാരികൾക്ക് കോടികളുടെ നഷ്ടം
കൂട്ടിക്കലിൽ 98 കടകളിലാണ് വെള്ളംകയറിയത്. കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വെള്ളംകയറി നശിച്ചു. ആറ് കടകൾ പൂർണമായി നശിച്ചു. പല കെട്ടിടങ്ങളും ദുർബലമായി. മിക്ക സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.