പ്രളയം കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും രണ്ട് കുടുംബങ്ങൾ ഇരുട്ടിൽ
കൂട്ടിക്കൽ: പ്രളയമെടുത്ത കൂട്ടിക്കൽ മേഖലയിലെ രണ്ട് കുടുംബങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നില്ലെന്ന് പരാതി. കൂട്ടിക്കൽ പൂച്ചക്കല്ല് ഭാഗത്ത് താമസിക്കുന്ന തുമ്പാട്ടിൽ പി.കെ.ബേബി, പാലത്തുങ്കൽ അൻസല്‌ന എന്നിവർക്കാണ് വീട്ടിൽ വൈദ്യുതി ലഭിക്കാത്തത്. കൈവശ രേഖ മാത്രമുള്ള ഭൂമിയിലാണ് ഇവർ താമസിക്കുന്നത്.
പ്രളയമെടുക്കുന്നതിന് മുൻപ് ഇവിടെ വൈദ്യുതിയുണ്ടായിരുന്നു. പ്രളയത്തിൽ വീട് തകരുകയും വയറിങ് ഉൾപ്പെടെ നശിക്കുകയും ചെയ്തു. പിന്നീട് ക്യാമ്പിലായിരുന്ന ഇവർക്ക് വിവിധ സംഘടനകളുടെ സഹായത്തോടെ വീട് വാസയോഗ്യമാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. തുടർന്ന് പലരിൽനിന്ന് കടം വാങ്ങിയാണ് വയറിങ് നടത്തിയതെന്ന് ബേബി പറയുന്നു.
അനധികൃത കെട്ടിടനിർമാണം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്തിന്റെ നിർദേശ പ്രകാരമാണ് വൈദ്യുതി നൽകാത്തതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നതെന്ന് ബേബി പറഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാർഡിൽ അനുമതിയില്ലാതെ കെട്ടിടനിർമാണം നടക്കുന്നുവെന്നും കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നത് പഞ്ചായത്തിനെ അറിയിക്കണമെന്നും കാണിച്ച് കെ.എസ്.ഇ.ബിക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ തങ്ങൾക്ക് താമസിക്കാൻ കഴിയുന്നത്ര കാലം ഇരുട്ടിൽ കഴിയണമോയെന്ന് ബേബി ചോദിക്കുന്നു. സർക്കാർ വീട് വെച്ച് നൽകുമ്പോൾ ഇവിടുന്ന് മാറാൻ തയ്യാറാണ്. അതുവരെ താമസിക്കുവാൻ വൈദ്യുതി നൽകുവാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പൂച്ചക്കല്ല് മേഖലയിൽ 13 വീടുകളാണ് തകർന്നത്. ഒരു കുടുംബം ഒഴികെ ബാക്കിയുള്ള കുടുംബങ്ങൾ തിരികെയെത്തിയിരുന്നു. ഇവിടെ രണ്ട് കുടുംബങ്ങൾക്ക് ഒഴികെ വൈദ്യുതിയും ലഭ്യമാക്കിയിരുന്നു.