മുൻ എസ്എൻഡിപി നേതാവ് ശ്രീപാദം ശ്രീകുമാറിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തി എസ്എൻഡിപി പ്രവർത്തകർ കോലം കത്തിച്ചു
എരുമേലി : എസ്എൻഡിപി യിൽ നിന്നും പുറത്താക്കപ്പെട്ട ഭാരവാഹിയുടെ എരുമേലിയിലെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയ നേതാക്കളും പ്രവർത്തകരും യോഗം നടത്തി കോലവും കത്തിച്ചു.
പുറത്താക്കപ്പെട്ടതിന് ശേഷം എസ്എൻഡിപി യോഗത്തിനും യോഗം നേതാക്കൾക്കുമെതിരെ കുപ്രചരണം നടത്തുന്നെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫിസ് റോഡിന് സമീപമുള്ള ശ്രീപാദം ശ്രീകുമാറിന്റെ വീട്ടിലേക്കാണ് പ്രതിഷേധവുമായി എസ്എൻഡിപി ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയത്. പ്രകടനം പോലിസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ശ്രീകുമാറിന്റെ കോലം കത്തിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഭാരവാഹികൾ പ്രസംഗിച്ചു. ടൗൺ ചുറ്റി നടത്തിയ പ്രകടനത്തിൽ എരുമേലി യൂണിയൻ ചെയർമാൻ എം. ആർ ഉല്ലാസ്, കൺവീനർ എം വി അജിത് കുമാർ, വൈസ് ചെയർമാൻ കെ ബി ഷാജി, ജോ. കൺവീനർ വിനോദ് ജി, യൂണിയൻ കൗൺസിൽ അംഗങ്ങളായ സന്തോഷ് പാലമൂട്ടിൽ, വിശ്വനാഥൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ ഷിൻ ശ്യാമളൻ, കൺവീനർ റെജിമോൻ പൊടിപ്പാറ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ, സൈബർ സേന അംഗങ്ങളായ സുനു സി സുരേന്ദ്രൻ, മഹേഷ് , വിവിധ ശാഖകളിലെ സെക്രട്ടറി പ്രസിഡണ്ടുമാരും ശാഖാ അംഗങ്ങളും പോഷകസംഘടനയായ യൂത്ത് മൂവ്മെന്റ്, സൈബർ സേന, വനിതാ സംഘം അംഗങ്ങളും പങ്കെടുത്തെന്ന് ഭാരവാഹികൾ അറിയിച്ചു.