KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലായിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം; ‘ഭൂകമ്പ മാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തി

മീനച്ചിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭൂമിക്കടിയിൽനിന്നും ശബ്ദവും വിറയലും അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോഴാണ് ഇടിമുഴക്കം പോലെ 2 സെക്കന്‍ഡു നേരം നീണ്ടുനിന്ന മുഴക്കം അനുഭവപ്പെട്ടത്. സംഭവിച്ചത് ഭൂചലനമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. കെഎസ്ഇബിയുടെ ഭൂകമ്പ മാപിനിയിൽ1.9 തീവ്രത രേഖപ്പെടുത്തി. വരും മണിക്കൂറുകളിലും തുടർ ചലനങ്ങൾക്കു സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു

പാലാ, പൂവരണി, കൊഴുവനാൽ , കൊച്ചിടപ്പാടി, മൂന്നാനി, ഭരണങ്ങാനം, തിടനാട്, മൂന്നാംതോട്, തീക്കോയി, പനച്ചിപ്പാറ, പനയ്ക്കപ്പാലം, കൊണ്ടൂർ , അരുണാപുരം തുടങ്ങിയ സ്ഥലങ്ങളിൽ ഇവ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പനയ്ക്കപ്പാലത്ത് കഴിഞ്ഞ ദിവസം സമാന രീതിയിൽ സംഭവം നടന്നിരുന്നു. സംഭവ സമയം ഇടിമുഴക്കം പോലെ ശബ്ദം ഉയർന്നിരുന്നു.

തിടനാട് പഞ്ചായത്തിലെ മൂന്നാം തോട് ഭാഗത്ത് നല്ലരീതിയിൽ വിറയൽ അനുഭവപ്പെട്ടതായി ഗ്രാമപഞ്ചായത്തംഗം സ്കറിയാച്ചൻ പൊട്ടനാനി പറഞ്ഞു. ഇവിടെ പഴയ തടിപ്പുരകളിൽ പാത്രങ്ങൾ മറിഞ്ഞു വീണതായും അദ്ദേഹം പറഞ്ഞു. പൂവരണി ഭാഗത്ത് ഇടിമുഴക്കം പോലുള്ള ശബ്ദവും ഇതിനു പിന്നാലെ വിറയലും അനുഭവപ്പെട്ടതായി ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി പറഞ്ഞു. പനച്ചിപ്പാറ ഭാഗത്തും മുഴക്കവും നേരിയ വിറയലും അനുഭവപ്പെട്ടതായി മുൻ പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബി.വെട്ടിമറ്റം പറഞ്ഞു. പനയ്ക്കാപ്പലത്ത് വിറയലും ഇടിമുഴക്കം പോലുളള ശബ്ദവും കേട്ടതായി പരിസ്ഥിതി പ്രവർത്തകൻ ജോണി തോപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ മുഴക്കം അനുഭവപ്പെട്ടതായി ഇദ്ദേഹം പറഞ്ഞു.

error: Content is protected !!